
കോട്ടയം: സ്വന്തം ചരമപരസ്യം നല്‍കിയ ശേഷം അപ്രത്യക്ഷനായ കണ്ണൂര്‍ സ്വദേശി കോട്ടയത്ത് പിടിയില്‍. തളിപ്പറമ്പ് കുറ്റിക്കോല്‍ സ്വദേശി ജോസഫ് മേലുകുന്നേല്‍ (75) ആണ് കോട്ടയത്ത് പിടിയിലായത്. ജോസഫ് നഗരത്തിലെത്തിയെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലിനൊടുവില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ തിരുനക്കരയിലെ ഐശ്വര്യ ഹോട്ടലില്‍ നിന്ന് ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കുടുംബപ്രശ്‌നത്തെ തുടര്‍ന്നാണ് ഇങ്ങനെയൊരു ചരമനാടകം കളിച്ചതെന്നാണ് ജോസഫ് ചോദ്യം ചെയ്യല്ലില്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. ഇയാളെ കണ്ടെത്തിയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് മകളും മറ്റു ബന്ധുക്കളും കോട്ടയത്തേക്ക് തിരിച്ചിട്ടുണ്ട്. പത്രങ്ങളില്‍ ചരമപരസ്യം നല്‍കി കഴിഞ്ഞ വ്യാഴാഴ്ച്ച പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറിലെ ടൂറിസ്റ്റ് ഹോമില്‍ നിന്ന് മുങ്ങിയ ജോസഫ് തിങ്കളാഴ്ച്ച കോട്ടയം പ്രാഥമിക സഹകരണ കാര്‍ഷിക വികസനബാങ്കിലാണ് പിന്നീട് പ്രത്യക്ഷപ്പെട്ടത്. ഉച്ചയ്ക്ക് രണ്ടരയോടെ ബാങ്കിലെത്തിയ ജോസഫ് സ്വന്തം ചരമവാര്‍ത്തയും ചരമപരസ്യവും ഒപ്പം കരുതിയിരുന്നു.
ബാങ്ക് സെക്രട്ടറി ശിവജിയുടെ മുന്നിലെത്തിയ ജോസഫ് മരിച്ചയാള്‍ തന്റെ ബന്ധുവാണെന്നാണ് പറഞ്ഞത്. ബന്ധുവിന്റെ ചെവിക്ക് പിന്നിലെ മുഴ തിരുവനന്തപുരം ആര്‍സിസിയില്‍ കൊണ്ടു പോയി പരിശോധിച്ചപ്പോള്‍ ക്യാന്‍സറാണെന്ന് കണ്ടെത്തിയെന്നും അവിടെ ചികിത്സയില്‍ കഴിയുന്നതിനിടെ ബന്ധു ഹൃദയാഘാതം വന്നു മരിച്ചുവെന്നും പറഞ്ഞു ഇയാള്‍ ബാങ്ക് സെക്രട്ടറിക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു.
തുടര്‍ന്ന് മരിച്ച ജോസഫിന്റെ മൃതദേഹത്തില്‍ നിന്ന് ലഭിച്ചതാണെന്ന് പറഞ്ഞ് സ്വര്‍ണമാലയും വന്‍തുകയും എടിഎം കാര്‍ഡും അടങ്ങിയ ഒരു പൊതി ജോസഫ് സെക്രട്ടറിയ്ക്ക് കൈമാറി. ഇതെല്ലാം മരിച്ചയാളുടെ ഭാര്യ (സ്വന്തം ഭാര്യ) മേരിക്കുട്ടിക്ക് അയച്ചു കൊടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ബന്ധുവായ താങ്കള്‍ക്ക് തന്നെ ഇതൊക്കെ നേരിട്ടു കൊടുത്തു കൂടെ എന്ന് ബാങ്ക് സെക്രട്ടറിയുടെ ചോദ്യത്തിന് പക്ഷേ പരസ്പരവിരുദ്ധമായ മറുപടികളാണ് ജോസഫ് കൊടുത്തത്.
ഇതില്‍ സംശയം തോന്നിയ സെക്രട്ടറിക്ക് ജോസഫിനെ കാണാതായത് സംബന്ധിച്ച് കാര്‍ഷിക വികസനബാങ്ക് സെക്രട്ടറിമാരുടെ അസോസിയേഷന്‍ ഭാരവാഹിയും തളിപ്പറമ്പ് പ്രാഥമിക സഹകരണ കാര്‍ഷികവികസനബാങ്ക് സെക്രട്ടറിയുമായ വി.വി.പ്രിന്‍സ് പങ്കുവച്ച വാട്‌സാപ്പ് സന്ദേശം ഓര്‍മ്മ വന്നു. അപ്പോള്‍ തന്നെ അദ്ദേഹം പ്രിന്‍സിനെ ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍ ഇവരുടെ ഫോണ്‍ സംഭാഷണം കേട്ട ജോസഫ് ഇപ്പോള്‍ വരാമെന്നു പറഞ്ഞ് അവിടെ നിന്നും മുങ്ങി.
ഇതേ സമയം കോട്ടയത്ത് നിന്ന് തനിക്ക് ലഭിച്ച വിവരം പ്രിന്‍സ് തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന് കൈമാറി. വേണുഗോപാല്‍ ഇക്കാര്യം കോട്ടയം ഡിവൈഎസ്പി സക്കറിയയെ അറിയിച്ചു. തുടര്‍ന്ന് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ജോസഫിനെ കണ്ടെത്താനായി പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് നഗരത്തില്‍ അന്വേഷണം തുടങ്ങി.
ക്ലീന്‍ ഷേവില്‍ തേച്ചു മിനുക്കിയ ഷര്‍ട്ടും മുണ്ടും ധരിച്ചാണ് ജോസഫ് വന്നതെന്ന ബാങ്ക് സെക്രട്ടറിയുടെ മൊഴി അനുസരിച്ച് ഇദേഹം നഗരത്തിലെ ഏതെങ്കിലുമൊരു ലോഡ്ജില്‍ ഉണ്ടായിരിക്കും എന്ന നിഗമനത്തിലായിരുന്നു പോലീസ്. ആ നിഗമനം ശരി വച്ചു കൊണ്ട് ചൊവ്വാഴ്ച്ച പുലര്‍ച്ചെ പരേതന്‍ പോലീസ് പിടികൂടുകയും ചെയ്തു. ആള്‍മാറാട്ടം നടത്തിയതിന് ജോസഫിനെതിരെ കേസെടുക്കാമെങ്കിലും ഇക്കാര്യത്തില്‍ പോലീസിന്റെ ഭാവിനടപടികള്‍ എന്തെന്ന് വ്യക്തമല്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam