തലയോലപ്പറമ്പ് ദൃശ്യം മോഡല്‍ കൊലപാതകത്തില്‍ നിര്‍ണായക വഴിത്തിരിവ്

By Web DeskFirst Published Dec 19, 2016, 3:38 PM IST
Highlights

കോട്ടയം: തലയോലപ്പറമ്പ് മാത്യു കൊലപാതക കേസിൽ നിര്‍ണായക വഴിത്തിരിവ്. പ്രതി അനീഷ് മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് നിന്ന് അസ്ഥി കഷണങ്ങളും മാത്യുവിന്റെ വാച്ചും അന്വേഷണം സംഘം കണ്ടെടുത്തു. എല്ലുകള്‍ മനുഷ്യന്റേത് തന്നെയെന്ന് ഫോറന്‍സിക് വിഭാഗം സ്ഥിരീകരിച്ചു. കണ്ടെത്തിയ എല്ലുകൾക്ക് ഒരു വര്‍ഷത്തിലധികം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

മൂന്നു നില കെട്ടിടത്തിന്റെ ഭിത്തിക്കും മതിലിനും ഇടയിൽ കുഴിച്ചപ്പോഴാണ് എട്ടു വര്‍ഷം മുമ്പ് മൂടിവച്ച സത്യവും തെളിവും അന്വേഷണ സംഘത്തിന് മുമ്പിൽ തെളിഞ്ഞു വന്നത്. മാത്യുവിനെ കൊലപ്പെടുത്തി കുഴിച്ചിട്ടെന്ന് പ്രതി അനീഷിന്റെ കുറ്റസമ്മതത്തിന് തെളിവായി മാത്യുവിന്റെ വാച്ച് മണ്ണിനടിയിൽ നിന്ന് കിട്ടി. കൊലപ്പെടുമ്പോള്‍ മാത്യു വാച്ചിട്ടിരുന്നുവെന്ന കാര്യം പ്രതി പൊലീസിനോട് പറഞ്ഞിരുന്നില്ല.

വാച്ച് മാത്യുവിന്റെ മകള്‍ നൈസി തിരിച്ചറഞ്ഞു. ഇവിടെ നിന്ന് കാലിന്റെയും കൈയുടെയും അസ്ഥി കഷണങ്ങളും കിട്ടി. ഇത് മനുഷ്യന്റേത് തന്നെയെന്ന് കോട്ടയം മെഡിക്കൽ കോളജിലെ ഫോറന്‍സിക് സര്‍ജൻ സ്ഥിരികീരിച്ചു. അസ്ഥിക്കഷ്ണങ്ങള്‍ക്ക് ഒരു വര്‍ഷത്തിലധികം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
അനീഷിന്റെ മൊഴി പ്രകാരം മൂന്നു നില കെട്ടിടത്തിന്റെ തറ കുഴിച്ചാണ് കഴിഞ്ഞ രണ്ടു ദിവസം പൊലീസ് പരിശോധിച്ചത്.എന്നാൽ ഈ പരിശോധനയില്‍ കാര്യമായി തെളിവൊന്നും കിട്ടിയിരുന്നില്ല. ഇതോടെ അനീഷിനെ വിശദമായ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചു.

അനീഷിനെ കോട്ടയത്ത് എസ്.പി കെ.ജി സൈമണിന്റെ  നേതൃത്വത്തിലും കൊലപാതകവിവരം അന്വേഷണ സംഘത്തോട് സ്ഥിരീകരിച്ച അനീഷന്റെ സഹ തടവുകാരൻ പ്രേമനെ തിരുവനന്തുപരം ജയിലിൽ സി.ഐ വി.എസ് നവാസും ഒരേ സമയം ചോദ്യം ചെയ്തു. ഫോണ്‍ ഉപയോഗിച്ചായിരുന്നു ഇത്. ഇതോടെയാണ് കുഴിച്ചിട്ട സ്ഥലം അന്വേഷണ സംഘം സ്ഥിരീകരിച്ചത്. മൃതദേഹത്തിൽ നിന്ന് നെഞ്ചിന്റെ ഭാഗം മുറിച്ചെടുത്ത് പുഴയോരത്ത് തള്ളിയെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി. സംഭവസ്ഥലത്തു നിന്ന് കണ്ടെടുത്ത അസ്ഥികഷണങ്ങളും വാച്ചും പ്രതിക്കെതിരെ ശക്തമായ തെളിവുകളാകുമെന്നാണ് കരുതുന്നത്.

click me!