സാധാരണക്കാരനെ ചൂഷണം ചെയ്ത കൊള്ളപ്പലിശക്കാരെ ലക്ഷ്യമിട്ട് പൊലീസ്

By Web DeskFirst Published Dec 23, 2017, 1:28 PM IST
Highlights

കൊച്ചി: കൊളളപ്പലിശക്കാർക്കായി മധ്യകേരളത്തിലെ നാലു ജില്ലകളിൽ പൊലീസ് പരിശോധന. പരിശോധനയില്‍ ഇരുപത് കേസുകൾ രജിസ്റ്റർ ചെയ്തതായി എറണാകുളം റേഞ്ച് ഐജി അറിയിച്ചു. പ്രതികൾക്കെതിരെ ഗുണ്ടാനിയമപ്രകാരം കേസെടുക്കാനാണ് തീരുമാനം.

എറണാകുളം റേഞ്ച് ഐജി പി വിജയന്‍റെ നിർദേശപ്രകാരം ഓപറേഷൻ ബ്ലേഡ് എന്ന പേരിലാണ് പൊലീസ് പരിശോധന.  കോട്ടയത്ത് 11ഉം  കൊച്ചിയിൽ മൂന്നും ഇടുക്കിയിൽ ആറുകേസുകളുമാണ് രജിസ്റ്റർ ചെയ്തത്. പണം പലിശക്ക് നൽകുന്നവരുടെ വീടുകളിലും ഓഫീസുകളിലുമായിട്ടായിരുന്നു പരിശോധന. 

മുദ്രപ്പത്രങ്ങളും  ചെക് ലീഫുകളും വാഹനങ്ങളുടെ ആർ സി ബുക്കുകളും അടക്കമുളള വിവിധ ജില്ലകളിൽ നിന്നായി കണ്ടെടുത്തിട്ടുണ്ട്. ആലുവയിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലുവ മുപ്പത്തടത്തുനിന്ന് പലിശക്കാർ പിടിച്ചെടുത്ത വാഹനങ്ങളടക്കം കണ്ടെടുത്തിട്ടുണ്ട്. ഓപറേഷൻ കുബേരക്ക് സമാനമാണ്  പരിശോധനയെങ്കിലും കുബേരയുടെ അപകാതകൾ കൂടി  പരിഹരിച്ചാണ് പരിശോധന നടത്തുന്നതെന്ന് പൊലീസ് അറിയിച്ചു.
 

click me!