കുട്ടികളെ സ്കൂളിൽ വിടാൻ പോലും ഭയക്കുന്നു. കുൽദീപ് സെൻഗാറിന്റെ ജാമ്യം പിൻവലിക്കണം. ഇല്ലെങ്കിൽ കുടുംബത്തെ തന്നെ അവർ ഇല്ലാതെയാക്കുമെന്നാണ് ഭീഷണിപ്പെടുത്തിയത്.

ദില്ലി : ജയിലിന് പുറത്തിറങ്ങിയാൽ കുടുംബത്തെ ഇല്ലാതെയാക്കുമെന്ന് പ്രതിയായ മുൻ ബിജെപി എം എൽ എ കുൽദീപ് സെൻഗാർ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ഉന്നാവോ ബലാത്സംഗ കേസിലെ അതിജീവിതയുടെ അമ്മ. പ്രതി പുറത്തിറങ്ങുന്ന സാഹചര്യത്തിൽ തന്റെ കുടുംബത്തിൻറെ സുരക്ഷയിൽ വലിയ ആശങ്കയുണ്ടെന്നും പുറത്തിറങ്ങാൻ പോലും പേടിയാണെന്നും അതിജീവിതയുടെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കുട്ടികളെ സ്കൂളിൽ വിടാൻ പോലും ഭയക്കുന്നു. കുൽദീപ് സെൻഗാറിന്റെ ജാമ്യം പിൻവലിക്കണം. ഇല്ലെങ്കിൽ കുടുംബത്തെ തന്നെ അവർ ഇല്ലാതെയാക്കുമെന്നാണ് ഭീഷണിപ്പെടുത്തിയത്. ജാമ്യം റദ്ദാക്കണമെന്ന് യു പി ദില്ലി സർക്കാരുകളുടെ അപേക്ഷിക്കുകയാണെന്നും അതിജീവിതയുടെ അമ്മ പറയുന്നു. 

ഹൈക്കോടതി ഉത്തരവിനെതിരെ സിബിഐ സുപ്രീം കോടതിയിൽ

കോളിളക്കം സൃഷ്ടിച്ച ഉന്നാവോ ബലാത്സംഗ കേസിൽ മുൻ ബി ജെ പി എം എൽ എ കുൽദീപ് സിങ് സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ച ദില്ലി ഹൈക്കോടതി ഉത്തരവിനെതിരെ സി ബി ഐ സുപ്രീം കോടതിയിൽ. ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. ദില്ലി ഹൈക്കോടതി വിധി യുക്തിഹീനവും നിയമവിരുദ്ധവുമാണെന്നാണ് സിബിഐ വാദം. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം കഠിനതടവാണ് ദില്ലി ഹൈക്കോടതി മരവിപ്പിച്ചത്. ദില്ലിയിൽ തന്നെ തുടരണമെന്നും, അതിജീവിത താമസിക്കുന്ന സ്ഥലത്തിന്റെ 5 കിലോമീറ്റർ ചുറ്റളവിൽ പോകരുതെന്നുമടക്കമുള്ള ഉപാധിയോടെയാണ് ഹൈക്കോടതി നടപടി. നേരത്തെ നേത്ര രോഗ ശസ്ത്രക്രിയ നടത്താൻ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കുൽദീപ് സിങ് സെൻഗാറിനെ ജാമ്യത്തിൽ വിട്ടയക്കുകയും അപ്പീൽ പരിഗണനയിലിരിക്കെ ശിക്ഷ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തത് നിയമവിരുദ്ധമാണെന്ന് ആണെന്ന് സി ബി ഐ ചൂണ്ടിക്കാട്ടുന്നു.