നടിയെ ആക്രമിച്ച സംഭവം: ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന് പ്രചരിപ്പിച്ചവര്‍ക്കായി അന്വേഷണം

By web deskFirst Published Aug 1, 2017, 12:06 PM IST
Highlights

കൊച്ചി:   നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍  കൊച്ചിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ഫോറന്‍സിക്  വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍  പ്രദര്‍ശിപ്പിച്ചെന്ന് പ്രചരിപ്പിച്ചവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി. തെറ്റായ പ്രചാരണം നടത്തിയത്  അന്വേഷണം അട്ടിമറിക്കാനുള്ള ലക്ഷ്യത്തോടെയാണെന്ന നിഗമനത്തിലാണ് പ്രത്യേക അന്വേഷണം നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക്  വിഭാഗം മേധാവി, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ മൊഴികള്‍ നേരത്തെ രേഖപ്പെടുത്തിയിരുന്നു.  പ്രചാരണത്തില്‍ കഴമ്പില്ലെന്നു കണ്ടതോടെയാണ് പ്രത്യേക അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. 

 അറസ്റ്റിലായ പ്രതികള്‍ വ്യക്തമായ മൊഴി നല്‍കാത്ത സാഹചര്യത്തിലാണ് ദൃശ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചതുമായി ബന്ധപ്പെട്ടുള്ള പ്രചാരണമുണ്ടായത്.  കേസുമായി ബന്ധപ്പെട്ട് ലഭിച്ച ദൃശ്യങ്ങള്‍ മുദ്രവച്ച കവറില്‍  സൂക്ഷിച്ചിരിക്കുകയാണ്. ഇവ ചോര്‍ന്നുവെന്ന തരത്തിലുള്ള പ്രചരണമാണ് ഉണ്ടായത്.  കേസില്‍ പല സുപ്രധാന തെളിവുകളും പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.  ക്ലാസ് മുറിയില്‍ ദൃശ്യങ്ങള്‍ കാണാനിടയായ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ തന്നെ ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചു എന്ന മട്ടിലായിരുന്നു പ്രചാരണം.  എന്നാല്‍ ഇത് തെറ്റാണെന്ന്  ക്ലാസ് നയിച്ച അധ്യാപകന്‍ പറഞ്ഞു. 

click me!