
കോഴിക്കോട്: കോഴിക്കോട്ടെ ചിട്ടി നടത്തിപ്പുകാരൻ ഹേമചന്ദ്രന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പൊലീസ് സംഘം. അന്വേഷണം വഴി തിരിച്ചുവിടാൻ പ്രതികൾ ശ്രമിച്ചുവെന്ന് ഡിസിപി അരുൺ കെ പവിത്രൻ. തെറ്റിദ്ധരിപ്പിക്കാൻ ഹേമചന്ദ്രന്റെ ഫോൺ ഗുണ്ടൽപേട്ടിലും മൈസൂരുവിലും എത്തിച്ചു. മകൾ വിളിച്ചപ്പോൾ ശബ്ദത്തിൽ തോന്നിയ സംശയമാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. കണ്ണൂരിലെ ഒരുസ്ത്രീയാണ് ഹേമചന്ദ്രനെ മെഡിക്കൽ കോളേജിലേക്ക് വിളിച്ചുവരുത്തിയത്.
ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി പിറ്റേന്ന് തന്നെ കൊലപാതകം നടത്തിയെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഹേമചന്ദ്രന് പ്രതി നൗഷാദുമായുള്ള പണമിടപാടാണ് കൊലപാതകത്തിൽ കലാശിച്ചത്. മൃതദേഹ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കുമെന്നും ഡിസിപി അറിയിച്ചു. ഡിസിപി അരുൺ കെ പവിത്രൻ, മെഡിക്കൽ കോളേജ് എസിപി യു. ഉമേഷ്, സിഐ ജിജീഷ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
400 വ്യക്തികളുടെ കോൾ ഡീറ്റെയിൽസ് എടുത്തുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. നൗഷാദ് ഹേമചന്ദ്രനെ ട്രാപ്പ് ചെയ്ത് വയനാട്ടിലെക്ക് കൊണ്ടു പോയി. ഹേമചന്ദ്രൻ നൗഷാദിനു പണം കൊടുക്കാൻ ഉണ്ടായിരുന്നു. കൊലപ്പെടുത്തിയ ശേഷം ഹേമചന്ദ്രന്റെ ഫോൺ ഗുണ്ടൽപേട്ടിൽ എത്തിച്ചു ഓൺ ആക്കി. ആ സമയം മകളുടെ കോൾ ഈ ഫോണിലേക്ക് വന്നു. മൈസൂറിലേക്ക് പോകുന്നു എന്നായിരുന്നു ശബ്ദം മാറ്റി മറുപടി നൽകിയത്. കൂടുതൽ പേർ പ്രതികൾക്ക് സഹായം ചെയ്തിട്ടുണ്ട്. ഗുണ്ടൽപെട്ടിലെ ഒരു സ്ത്രീക്കും തട്ടികൊണ്ടു പോയത് അറിയാമായിരുന്നു. ഈ സ്ത്രീക്കും പണം കൊടുക്കാൻ ഉണ്ടായിരുന്നു. രണ്ടു മാസം മുമ്പാണ് നൗഷാദ് സൗദിയിലേക്ക് പോയത്.കൊല എവിടെ വെച്ച് നടന്നു എന്ന് ഇപ്പോൾ പറയാൻ ആകില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.
ഹേമചന്ദ്രന്‍റെ മൃതദേഹം കോഴിക്കോട് എത്തിച്ചു.ഡിഎൻഎ ഫലം വന്നശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. ബത്തേരിയിലെ സുഹൃത്തിൻറെ ആളില്ലാത്ത വീട്ടിൽ വച്ചാണ് മുഖ്യപ്രതിയായ നൗഷാദും സംഘവും ഹേമചന്ദ്രനെ കൊലപ്പെടുത്തിയത്.വിദേശത്തുള്ള നൗഷാദിനെ പോലീസ് ഉടൻ നാട്ടിലെത്തിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam