അന്ന് തൂവാല, ഇന്ന് ബ്ലൂടൂത്ത് ഹെഡ്സെറ്റ് ; കോപ്പിയടിയില്‍ അപ്‍ഡേറ്റഡ് ആയി പൊലീസ് ഉദ്യോഗസ്ഥര്‍

By Web DeskFirst Published Oct 31, 2017, 12:18 PM IST
Highlights

കേസ് അന്വേഷണത്തില്‍ മാത്രമല്ല കോപ്പിയടിയിലും കാലാനുസൃതമായി മാറ്റം സ്വീകരിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മറക്കാറില്ലെന്നതിന്റെ ഉദാഹരണമാണ് സിവിൽ സർവീസസ് പരീക്ഷയ്ക്കിടെ ഐപിഎസ് ഉദ്യോഗസ്ഥന്റെ കോപ്പിയടി. തുണ്ട് പേപ്പറല്ല ഹൈടെക്ക് സംവിധാനങ്ങളാണ് മലയാളി ഐപിഎസുകാരനായ സഫീര്‍ കരീമിന്റെ കയ്യില്‍ നിന്ന് പിടിയിലാകുന്നത്. കോപ്പിയടിയില്‍ പിടിയിലാകുന്ന ആദ്യത്തെ പൊലീസ് ഉദ്യോഗസ്ഥനല്ല സഫീര്‍ കരീം. 

സാധാ പൊലീസുകാരന്‍ മുതല്‍ ഐജി വരെ കോപ്പിയടിച്ചതിന് പിടിയിലായിട്ടുണ്ട്.  2015 മേയ് മാസം നടന്ന എംജി യൂണിവേഴ്സിറ്റിയുടെ എല്‍എല്‍എം പരീക്ഷയില്‍ കോപ്പിയടിച്ചതിന് പിടിയിലായത് തൃശൂര്‍ റേഞ്ച് ഐജി ടി.ജെ. ജോസാണ്. കളമശേരി സെന്റ് പോള്‍സ് കോളേജായിരുന്നു ഐജിയുടെ കോപ്പിയടിക്ക് വേദിയായത്. പരീക്ഷാ ഹാളില്‍ തൂവാലയ്ക്കുള്ളില്‍ ഒളിപ്പിച്ചാണ് ടി.ജെ. ജോസ് കോപ്പിയടിച്ചത്. ജോസ് മുമ്പും കോപ്പിയടിച്ചതിന് ദൃക് സാക്ഷിയാണെന്ന് അന്ന് കൂടെ പരീക്ഷ എഴുതിയ അഭിഭാഷകന്‍ ആരോപിച്ചിരുന്നു. ഐജിയുടെ കോപ്പിയടി അന്ന് ഏറെ വിവാദമായിരുന്നു പിന്നീട് കോപ്പിയടി തെളിഞ്ഞതിനെ തുടര്‍ന്ന് ഐജിയെ ഡീബാര്‍ ചെയ്യുകയായിരുന്നു. 

എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കിടെ ഐപിഎസുകാരന്‍ പിടിയിലാകുന്നത് ബ്ലൂടൂത്ത് ഹെഡ്സെറ്റും, മിനിയേച്ചര്‍ ക്യാമറയും മൊബൈല്‍ ഫോണുമായാണ്. സുരക്ഷാ പരിശോധന വേളയില്‍ അതിവിദഗ്ധമായി ഉദ്യോഗസ്ഥരെ കബളിപ്പിച്ചാണ്  കോപ്പിയടിക്കാനുള്ള ഉപകരണങ്ങള്‍ സഫീര്‍ കരീം പരീക്ഷാ ഹോളിലെത്തിച്ചത്. മറന്ന് പോയെന്ന വ്യാജേന കയ്യില്‍ കരുതിയ ഫോണ്‍ സുരക്ഷ ഉദ്യോഗസ്ഥരെ ഏല്‍പിച്ച സഫീര്‍ സോക്സിനുള്ളില്‍ ബ്ലൂടൂത്ത് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മിനിയേച്ചര്‍ ക്യാമറയും വയര്‍ലെസ് ഹെഡ്സെറ്റും  ഒരു മൊബൈല്‍ ഫോണും സഫീര്‍ പരീക്ഷാ ഹോളിലെത്തിച്ചു. 

സഫീര്‍ ഇതിന് മുമ്പും കോപ്പിയടിച്ചിട്ടുണ്ടെന്ന് സംശയമുണ്ടായിരുന്നതിനെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നതാണ് കോപ്പിയടി പിടിയിലാകാന്‍ കാരണമായത്. പരീക്ഷയ്ക്കിടെ സഫീറിന് ചോദ്യങ്ങളുടെ ഉത്തരം നല്‍കിയത്  ഭാര്യയും ഇടുക്കി സ്വദേശിനിയുമായ ജോയ്സി ജോയിയാണ്. ഹൈദരാബാദിലെ സിവില്‍ സര്‍വ്വീസ് ട്രെയിനിംഗ് സ്ഥാപനമായ ലാ എക്സലന്‍സിലെ അധ്യാപികയാണ് അറസ്റ്റിലായ ജോയ്സി ജോയി. 

click me!