നടൻ വിജയുടെ ടിവികെയുമായി ഇപ്പോൾ സഖ്യത്തിനില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. ഡിഎംകെയുമായുള്ള സഖ്യം തുടരാനും കൂടുതൽ സീറ്റുകളും മന്ത്രിസ്ഥാനവും ആവശ്യപ്പെടാനുമാണ് പാർട്ടി തീരുമാനം.
ചെന്നൈ: വിജയുടെ ടിവികെയുമായി ഇപ്പോൾ സഖ്യത്തിനില്ലെന്ന് കോൺഗ്രസ്. ഡിഎംകെയുമായി സഖ്യം തുടരുമെന്ന് ദില്ലി ചർച്ചയിൽ എഐസിസി നേതൃത്വം വ്യക്തമാക്കി. ഉചിതമായ സമയത്ത് ഹൈക്കമാൻഡ് പ്രഖ്യാപനം നടത്തും.
തമിഴ്നാട്ടിൽ എഐസിസി പരസ്യ പ്രസ്താവനകൾ വിലക്കി. ഡിഎംകെയുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന വിധത്തിൽ പരസ്യ പ്രസ്താവനകൾ പാടില്ലെന്നാണ് നിർദേശം. തമിഴ്നാട്ടിൽ മന്ത്രിസഭയിൽ പങ്കാളിത്തം ലഭിക്കുന്നില്ല എന്നതാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുടെ പരാതി. അധികാരത്തിൽ പങ്കിനുള്ള ശ്രമം നേതൃതലത്തിൽ നടത്താൻ യോഗത്തിൽ ധാരണയായി. താഴെത്തട്ടിലുള്ള അണികളുടെ വികാരം മാനിക്കുമെന്നും എഐസിസി വ്യക്തമാക്കി. തമിഴ്നാട്ടിലെ നേതാക്കളുമായി രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും നാല് മണിക്കൂർ ചർച്ച നടത്തി.
കഴിഞ്ഞ തവണ 25 സീറ്റിൽ മത്സരിച്ച കോണ്‍ഗ്രസ് 18 സീറ്റിൽ വിജയിച്ചിരുന്നു. മത്സരിക്കാൻ കൂടുതൽ സീറ്റ് വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടും. അധികാരത്തിൽ എത്തിയാൽ വിജയിച്ച സീറ്റുകളുടെ എണ്ണം ചൂണ്ടിക്കാട്ടി മന്ത്രിമാരെ വേണമെന്ന് ആവശ്യപ്പെടാം എന്നാണ് നിലവിൽ കോണ്‍ഗ്രസ് നേതൃത്വത്തിൽ ധാരണയായിരിക്കുന്നത്.
നേരത്തെ വിജയ്‌യെ പ്രശംസിച്ച് എഐസിസി അംഗം പ്രവീൺ ചക്രവർത്തി രംഗത്തെത്തിയത് ചില ആശയക്കുഴപ്പങ്ങൾക്ക് ഇടയാക്കിയിരുന്നു. വിജയ് രാഷ്ട്രീയ ശക്തി ആണെന്നും ആർക്കും അത് നിഷേധിക്കാനാകില്ലെന്നും പ്രവീൺ ചക്രവർത്തി പറഞ്ഞു. രാഷ്ട്രീയ നേതാവ് എന്ന നിലയിലാണ് വിജയ്‌യെ കാണാൻ ആളുകൾ എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. വിജയ്‌യുമായി ഈയിടെ പ്രവീൺ കൂടിക്കാഴ്ച നടത്തിയത് ചർച്ചയായിരുന്നു. ടിവികെ സഖ്യം വേണമെന്ന ആവശ്യം തമിഴ്നാട് കോൺഗ്രസിൽ ഒരു വിഭാഗം ഉയർത്തുന്നതിന് ഇടയിലായിരുന്നു ഈ കൂടിക്കാഴ്ച. അഖിലേന്ത്യാ പ്രൊഫഷണൽ കോൺഗ്രസ് ചെയർപേഴ്‌സൺ ആണ് പ്രവീൺ. എന്നാൽ നിലവിൽ അത്തരമൊരു സഖ്യം വേണ്ടെന്നാണ് കോണ്‍ഗ്രസ് ഹൈകമാൻഡ് തലത്തിലെ ധാരണ.



