കേരള സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതി വഴി അനുവദിച്ച വീടുകളുടെ എണ്ണം 6 ലക്ഷം കടന്നു. ഇതിൽ 4.76 ലക്ഷം വീടുകൾ പൂർത്തിയാക്കിയതായും, രാജ്യത്തിന് മാതൃകയായി നീതി ആയോഗ് തിരഞ്ഞെടുത്ത ഈ പദ്ധതിക്കായി 19127 കോടി രൂപ ചെലവഴിച്ചതായും സർക്കാർ അറിയിച്ചു.

തിരുവനന്തപുരം: ലൈഫ് മിഷൻ വഴി അനുവദിച്ച വീടുകളുടെ എണ്ണം ആറ് ലക്ഷം കടന്നതായി കേരള സർക്കാർ കണക്കുകൾ. 6,00,547 വീടുകള്‍ നിർമ്മിക്കാൻ ഗുണഭോക്താക്കളുമായി ലൈഫ് മിഷൻ കരാർ വെച്ച് ആദ്യഗഡു കൈമാറുകയും വീട് നിർമ്മാണം ആരംഭിക്കുകയും ചെയ്തുവെന്ന് സർക്കാർ. ഇതിൽ 4.76,076 വീടുകള്‍ പൂര്‍ത്തീകരിച്ചു. 124471 വീടുകളുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളിൽ പുരോഗമിക്കുകയാണ്. ഫെബ്രുവരി മാസത്തോടെ അഞ്ച് ലക്ഷം വീടുകളെന്ന ചരിത്രനേട്ടം നാം കൈവരിക്കുമെന്നും സർക്കാരിന്റെ ഔദ്യോഗിക ഫേസ്ബുക്കിൽ പങ്കുവച്ചു.

ലൈഫ് ഭവന പദ്ധതിയെ കേന്ദ്ര സർക്കാരിൻ്റെ നീതി ആയോഗ് രാജ്യത്തിന് മാതൃകയായ ബെസ്റ്റ് പ്രാക്ടീസായാണ് തിരഞ്ഞെടുത്തിരിക്കുന്നത്. രാജ്യത്തിനാകെ മാതൃകയായ പദ്ധതിയായി, ലൈഫിനെ തെരഞ്ഞെടുത്തത് കേരളത്തിന് അഭിമാനിക്കാവുന്ന നേട്ടമാണ്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന തുകയാണ് ഭവന നിർമ്മാണത്തിന് കേരളം നല്‍കുന്നത്. ദുര്‍ഘട പ്രദേശങ്ങളില്‍ വസിക്കുന്ന പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് 6 ലക്ഷം രൂപയും മറ്റുള്ളവര്‍ക്ക് 4 ലക്ഷം രൂപയുമാണ് നാം നല്‍കുന്നത്. ഇതിന്റെ പകുതി പോലും രാജ്യത്ത് എവിടെയും നൽകുന്നില്ല. ഇതുവരെ 19127.47 കോടി രൂപയാണ് കേരളം ലൈഫ് പദ്ധതിക്കായി ചെലവഴിച്ചത്. സ്വന്തം വീട് എന്ന അഭിമാനത്തിലേക്ക് അഞ്ച് ലക്ഷം കുടുംബങ്ങളെയാണ് ലൈഫ് കൈപിടിച്ചുയർത്തിയതെന്നും സർക്കാർ പുറത്തുവിട്ട കുറിപ്പിൽ പറയുന്നു.