ശബരിമല: നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി കുറയ്ക്കാൻ ഒരുങ്ങി പൊലീസ്

By Web TeamFirst Published Dec 5, 2018, 8:08 PM IST
Highlights

ശബരിമലയിലെ നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി കുറയ്ക്കാൻ ഒരുങ്ങി പൊലീസ്. ഇപ്പോഴത്തെ നിരോധനാജ്ഞ തീരുന്ന മുറക്കായിരിക്കും നിയന്ത്രണങ്ങളിൽ ഇളവ് നൽകുക. 

പത്തനംതിട്ട: ശബരിമലയിലെ നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി കുറയ്ക്കാൻ ഒരുങ്ങി പൊലീസ്. ഇപ്പോഴത്തെ നിരോധനാജ്ഞ തീരുന്ന മുറക്കായിരിക്കും നിയന്ത്രണങ്ങളിൽ ഇളവ് നൽകുക. സ്ഥിതിഗതികൾ നാളെ ചേരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം വിലയിരുത്തും.

കഴിഞ്ഞ മൂന്ന് ദിവസമായി സന്നിധാനത്ത് വൻ ഭക്തജനത്തിരക്കാണ് ഉണ്ടായത്. ഇന്ന് തിരക്ക് അൽപ്പം കുറഞ്ഞെങ്കിലും അടുത്ത ദിവസങ്ങളിൽ തിരക്ക് കൂടുമെന്നാണ് കണക്ക് കൂട്ടൽ. മണ്ഡലകാലത്ത് ഏറ്റവുമധികം തീർത്ഥാടകർ വന്ന തിങ്കളാഴ്ച പൊലീസിന്‍റെ നിയന്ത്രണങ്ങൾ മൂലം വിരിവയ്ക്കാൻ തീർത്ഥാടകർ ബുദ്ധിമുട്ടി. ഹൈക്കോടതി നിയോഗിച്ച സമിതിയും നിയന്ത്രണങ്ങൾ കുറയ്ക്കാൻ കഴിയുമോ എന്ന് ആരാഞ്ഞിരുന്നു. നിരോധനാജ്ഞ എട്ടാം തീയതി വരെ നീട്ടിയിരിക്കുകയാണ്. അത് വരെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചു.

സന്നിധാനത്തെ ക്രമീകരണങ്ങൾ നാളെ ചേരുന്ന ദേവസ്വം ബോർഡ് യോഗം വിലയിരുത്തും. നിരീക്ഷണ സമിതിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പമ്പയിൽ ഒരുക്കേണ്ട സൗകര്യങ്ങളും ബോർഡ് ചർച്ച ചെയ്യും.

click me!