നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും പോകുന്നതിനിടെ പ്രവാസിയുടെ ബാഗ് നഷ്ടമായി, സിസിടിവി തുണച്ചു, മണിക്കൂറുകൾക്കകം കണ്ടെത്തി പൊലീസ്

Published : Jan 27, 2026, 05:25 PM IST
police recover bag lost

Synopsis

നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് ആലുവയിലേക്കുള്ള മെട്രോ ഫീഡർ ബസിൽ യാത്ര ചെയ്ത പ്രവാസിക്ക് വിലപ്പെട്ട രേഖകളടങ്ങിയ ബാഗ് നഷ്ടപ്പെട്ടു. സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിൽ, ബാഗ് കൈക്കലാക്കിയ സഹയാത്രികനെ കണ്ടെത്തി.

കൊച്ചി: മെട്രോ ഫീഡർ ബസിൽ യാത്രയ്ക്കിടെ നഷ്ടപ്പെട്ട വിലപ്പെട്ട രേഖകളടങ്ങിയ ബാഗ് പ്രവാസിക്ക് മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി നൽകി നെടുമ്പാശ്ശേരി എയർപോർട്ടിലെ പോലീസ് ലെയ്സൺ ഓഫീസറും എസ് ഐ യുമായ സാബു വർഗീസും സംഘവും. സിസിടിവി ദൃശ്യങ്ങളും ഡിജിറ്റൽ തെളിവുകളും പിന്തുടർന്ന് നടത്തിയ കൃത്യമായ അന്വേഷണത്തിനൊടുവിൽ ഫോർട്ട് കൊച്ചിയിൽ നിന്നുമാണ് ബാഗ് കണ്ടെടുത്തത്.

നവംബർ 17 തിങ്കളാഴ്ച രാവിലെയാണ് പത്തനംതിട്ട റാന്നി സ്വദേശി എബ്രഹാം മാത്യുവും കുടുംബവും നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും ആലുവയിലേക്ക് പോകുന്നതിനായി മെട്രോ ഫീഡർ ബസ്സിൽ കയറുന്നത്. യാത്രയ്ക്കിടയിൽ എബ്രഹാമിന്റെ വിലപ്പെട്ട രേഖകളും മറ്റും അടങ്ങിയ ബാഗ് ബസിൽ വെച്ച് നഷ്ടപ്പെടുകയായിരുന്നു. ആലുവയിൽ എത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരം ഇദ്ദേഹം അറിയുന്നത്.

സിസിടിവി ദൃശ്യങ്ങൾ നിർണായകമായി 

ഉടൻ തന്നെ ഫീഡർ ബസ്സിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും, സഹയാത്രികനായിരുന്ന ഒരാൾ ബാഗ് കൈക്കലാക്കുന്നതും പിന്നീട് ആലുവയിൽ ഇറങ്ങിപ്പോകുന്നതും വ്യക്തമായി. തുടർന്ന് എയർപോർട്ടിലെ സിസിടിവി ദൃശ്യങ്ങൾ കൂടി പരിശോധിച്ചതോടെ ഇയാൾ ഒരു സുഹൃത്തിനെ വിമാനത്താവളത്തിൽ യാത്രയാക്കാൻ വന്നതാണെന്നും വിമാനത്താവളത്തിൽ നിന്ന് തന്നെയാണ് ബസിൽ കയറിയതെന്നും കണ്ടെത്തി

ഇയാൾ എയർപോർട്ടിലേക്ക് എത്തിയ വാഹനത്തിന്‍റെ ഡ്രൈവറെ കണ്ടെത്തിയെങ്കിലും, യാത്രക്കാരനെ വ്യക്തിപരമായി അറിയില്ലെന്നായിരുന്നു മറുപടി. എന്നാൽ, ഇയാളെ വാഹനത്തിൽ കയറ്റിയ ലൊക്കേഷൻ ലഭിച്ചത് അന്വേഷണത്തിൽ നിർണ്ണായകമായി. ഈ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പ്രതിയുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്ന് കണ്ടെത്തി. പിന്നീട് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിൽ ഇയാൾ ഫോർട്ട് കൊച്ചിയിലുണ്ടെന്ന് സൂചന ലഭിച്ചു. തുടർന്ന് ഇയാളുടെ സുഹൃത്തുക്കളെ കണ്ടെത്തുകയും അവർ വഴി പ്രതിയെ ഫോർട്ട് കൊച്ചി പോലീസ് സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു. നഷ്ടപ്പെട്ട് 12 മണിക്കൂറിനുള്ളിൽ വൈകിട്ട് 7 മണിയോടെയാണ് ബാഗ് തിരിച്ച് കിട്ടി. കൃത്യമായ ആസൂത്രണത്തോടെ സമയബന്ധിതമായി ഉത്തരവാദിത്തത്തോടെ അന്വേഷണം നടത്തിയ എസ് ഐ സാബു വർഗീസിനെ കൊച്ചി മെട്രോക്ക് വേണ്ടി ലോക്നാഥ് ബെഹ്റയും കേരള പൊലീസിന് വേണ്ടി ആലുവ റൂറൽ എസ് പി എം. ഹേമലതയും പ്രശസ്തി പത്രം നൽകി അഭിനന്ദിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കാർ തോട്ടിലേക്ക് വീണ് അപകടം; അഞ്ചുപേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
500ന് ചേഞ്ച് തേടി അലയേണ്ട, ആരടുത്തും കെഞ്ചേണ്ട; 10, 20, 50, 100, 200 നോട്ടുകൾ ശറപറേന്ന് കിട്ടും, പുതിയ സംവിധാനവുമായി കേന്ദ്രം