നടിക്കെതിരായ ആക്രമണം: ക്വട്ടേഷന്‍ സാധ്യത തള്ളി പൊലീസ്

By Web DeskFirst Published Feb 25, 2017, 2:59 AM IST
Highlights

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ ക്വട്ടേഷന്‍ സാധ്യത തളളി പൊലീസ്. പ്രതി സുനില്‍കുമാറിന് മറ്റാരെങ്കിലും ക്വട്ടേഷന്‍ നല്‍കിയതായി നിലവില്‍ തെളിവുകളില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതിനിടെ കാണാതായ മൊബൈല്‍ ഫോണ്‍ കണ്ടെത്തുന്നതിനായി പൊലീസ് കൊച്ചിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്.

മറ്റൊരാള്‍ നല്‍കിയ ക്വട്ടേഷന്‍ അനുസരിച്ചാണ് താന്‍ കൃത്യം നടത്തിയതെന്നാണ് പ്രതി സുനില്‍കുമാര്‍ നടിയോടും മറ്റുളളവരോടും പറഞ്ഞിരുന്നത്. എന്നാല്‍ പുറമേ നിന്നൊരൊളുടെ പ്രേരണ ഇക്കാര്യത്തില്‍ ഇതേവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഇക്കാര്യം ഉറപ്പുവരുത്തുന്നതിനാണ് നുണപരിശോധനക്കടക്കം ഒരുങ്ങുന്നത്. സുനില്‍ കുമാറിന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചെങ്കിലും സംശയകരമായൊന്നും കണ്ടെത്താനായില്ല. അതുകൊണ്ടുതന്നെ സുനില്‍ കുമാര്‍ ഒറ്റക്കാണ് കൃത്യം ആസുത്രണം ചെയ്തതെന്നും മറ്റുളളവരെ കമ്മീഷന്‍ വ്യവസ്ഥയില്‍ വിളിച്ചുവരുത്തിയെന്നുമാണ് അന്വേഷണസംഘത്തിന്റെ ഇതുവരെയുളള നിഗമനം. ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം ആദ്യപടിയായി 50 ലക്ഷം രൂപ നടിയോട് ആവശ്യപ്പെടാനാണ് ഉദ്ദേശിച്ചിരുന്നതെന്നും സുനില്‍ കുമാറിന്റെ മൊഴിയിലുണ്ട്. മാസങ്ങള്‍ക്കുമുമ്പ് മറ്റൊരു നടിയേയും സമാനമായി കെണിയില്‍ കുടുക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ നടി മറ്റൊരു വാഹനത്തില്‍ കയറിപ്പോയതിനാല്‍ ഉദ്ദേശം നടന്നില്ലെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ഇതിനിടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ വീണ്ടെടുക്കാനുളള ശ്രമം പൊലീസ് തുടരുകയാണ്. ഇതിനായി നഗരത്തിലെ മൂന്നിടങ്ങളിലുളള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. എറണാകുളം  ബൈപ്പാസ്, പൊന്നുരുത്തി, ഗോശ്രീ പാലത്തിനു സമീപത്തെ കായല്‍ എന്നിവടങ്ങില്‍ ഫോണ്‍ ഉപേക്ഷിച്ചെന്നാണ് പ്രതിയുടെ വ്യത്യസ്ഥ മൊഴി. ഇതില്‍ വ്യക്തത വരുത്താനാണ് പൊലീസ് ഈ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ നോക്കുന്നത്.

click me!