ക്ഷേത്രത്തിലെ ഭക്ഷ്യവിഷബാധ: പ്രസാ​ദത്തിൽ കലർത്തിയത് പതിനഞ്ച് കുപ്പി കീടനാശിനിയെന്ന് പൊലീസ്

By Web TeamFirst Published Dec 20, 2018, 12:18 PM IST
Highlights

പ്രസാദമായി നൽകിയ തക്കാളിച്ചോറ് പാകം ചെയ്യുന്ന സമയത്ത് തന്നെ പതിനഞ്ച് കുപ്പി കീടനാശിനി ഇതിൽ ചേർത്തതായി പൊലിസ് വെളിപ്പെടുത്തുന്നു. കീടനാശിനി കലർത്തിയത് ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റും സാലൂർ മഠത്തിലെ സ്വാമിയുമായ ഇമ്മാഡി മഹാദേവയുടെ നിർദ്ദേശപ്രകാരമായിരുന്നു എന്നും ദൊഡ്ഡയ്യ പൊലിസിന് മൊഴി നൽകിയിട്ടുണ്ട്. 

ബം​ഗളൂരു: കർണാടകയിലെ ചാമരാജന​ഗറിലെ മാരമ്മ ക്ഷേത്രത്തിൽ പ്രസാദം കഴിച്ചതിനെ തുടർന്ന് 15 പേർ മരിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പൊലീസ്. പതിനഞ്ച് കുപ്പി കീടനാശിനിയാണ് പ്രസാദമായി നൽകിയ തക്കാളിച്ചോറിൽ കലർത്തിയതെന്ന് പൊലിസ് പറയുന്നു. പ്രസാദം കഴിച്ച 120 ഓളം പേർ ഇപ്പോഴും ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. 

ക്ഷേത്രപൂജാരിയായ ദൊഡ്ഡയ്യയെയും മറ്റ്  മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർക്കെതിരെ കൊലപാതക ശ്രമം, ​ഗൂഢാലോചന എന്നീ കേസുകളാണ് ചുമത്തിയിരിക്കുന്നത്. ക്ഷേത്രത്തിന്റെ ഇപ്പോഴത്തെ ഭാരവാഹികളെ അപകീർത്തിപ്പെടുത്തി അധികാരം പിടിച്ചെടുക്കാൻ വേണ്ടിയാണ് പ്രസാദത്തിൽ വിഷം കലർത്തിയത്. ഈ രണ്ട് കേസും ഇവർക്കെതിരെ ചുമത്തിയതായും പൊലിസ് അറിയിച്ചു. പ്രസാദമായി നൽകിയ തക്കാളിച്ചോറ് പാകം ചെയ്യുന്ന സമയത്ത് തന്നെ പതിനഞ്ച് കുപ്പി കീടനാശിനി ഇതിൽ ചേർത്തതായി പൊലിസ് വെളിപ്പെടുത്തുന്നു.

കീടനാശിനി കലർത്തിയത് ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റും സാലൂർ മഠത്തിലെ സ്വാമിയുമായ ഇമ്മാഡി മഹാദേവയുടെ നിർദ്ദേശപ്രകാരമായിരുന്നു എന്നും ദൊഡ്ഡയ്യ പൊലിസിന് മൊഴി നൽകിയിട്ടുണ്ട്. ക്ഷേത്ര ​ഗോപുര നിർമ്മാണവുമായി ബന്ധപ്പെട്ട് ട്രസ്റ്റ് അം​ഗങ്ങളുമായി ഇമ്മാഡി മഹാദേവയ്ക്കുണ്ടായ അിപ്രായ വ്യത്യാസമാണ് ഈ ക്രൂരതയിലേക്ക് എത്തിച്ചതെന്ന് ഐജി ശരത് ചന്ദ്ര പറയുന്നു. 

ക്ഷേത്രത്തിന്റെ പണം മ​ഹാദേവ സ്വാമിയും കൂട്ടരും അപഹരിക്കുന്നുവെന്ന ആരോപണം നേരത്തെയുണ്ടായിരുന്നു. 2017 ഏപ്രിൽ വരെ മഹാദേവ സ്വാമിയുടെ അധീനതയിലായിരുന്നു ക്ഷേത്രം. വരുമാനം വർദ്ധിച്ചതിനെ തുടർന്ന് വിശ്വാസികളുടെയും ​ഗ്രാമവാസികളുടെയും ട്രസ്റ്റ് രൂപീകരിച്ച് ഭരണം അവർ ഏറ്റെടുക്കുകയായിരുന്നു. ട്രസ്റ്റിനെ അപകീർത്തിപ്പെടുത്തുകയായിരുന്നു മഹാദേവ സ്വാമിയുടെ ലക്ഷ്യമെന്നാണ് സൂചന. 

കൂടാതെ ക്ഷേത്ര​ഗോപുരം നിർമ്മിക്കാൻ മഹാദേവ സ്വാമി മുന്നോട്ട് വച്ച ഒന്നേകാൽ കോടി രൂപയുടെ പ്രൊജക്റ്റ് ട്രസ്റ്റ് അംഗീകരിച്ചില്ല. എഴുപത്തഞ്ച് ലക്ഷം രൂപയുടെ പ്രൊജക്റ്റുമായി അവർ മുന്നോട്ട് പോവുകയായിരുന്നു. ഡിസംബർ 14 ന് നടന്ന ക്ഷേത്ര​ഗോപുര നിർമ്മാണത്തിന്റെ കല്ലിടൽ ചടങ്ങിലാണ് പ്രസാദത്തിൽ വിഷം കലർത്തി പ്രതികാരം ചെയ്യാൻ മഹാദേവ സ്വാമി തീരുമാനിച്ചതെന്നാണ് പൊലിസ് വിശദമാക്കുന്നത്. 
 

click me!