Latest Videos

മുനമ്പം മനുഷ്യക്കടത്ത്: ബോട്ടിലുള്ളത് 22 കുട്ടികളടക്കം 80 പേരെന്ന് പൊലീസ്

By Web TeamFirst Published Jan 23, 2019, 10:00 AM IST
Highlights

മുനമ്പത്ത് നിന്ന് ഓസ്ട്രേലിയയിലേക്ക് പോയവരുടെ പട്ടിക പൊലീസ് തയ്യാറാക്കി. 80 പേരുടെ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. ആറ് ദിവസം പ്രായമുള്ള നവജാതശിശു അടക്കം  22 കുട്ടികൾ സംഘത്തിലുണ്ടെന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍. 

കൊച്ചി: മുനമ്പത്ത് നിന്ന് ഓസ്ട്രേലിയയിലേക്ക് പോയവരുടെ പട്ടിക പൊലീസ് തയ്യാറാക്കി. 80 പേരുടെ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. ആറ് ദിവസം പ്രായമുള്ള നവജാതശിശു അടക്കം  22 കുട്ടികൾ സംഘത്തിലുണ്ടെന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍. ശ്രീലങ്കൻ അഭയാർത്ഥി കുടുംബങ്ങളും തമിഴ് നാട്ടുകാരുമാണ് പട്ടികയിലുള്ളത്.  

കസ്റ്റഡിയിൽ ഉള്ളവരുടെ മൊഴിയുടെ  അടിസ്ഥാനത്തിലാണ് ആളുകളെ തിരിച്ചറിഞ്ഞത് . ഓസ്‌ട്രേലിയയിലെ ക്രിസ്മസ് ദ്വീപ് ലക്ഷ്യമാക്കിയാണ് ഇവര്‍ കടന്നതെന്നാണ് പൊലീസിന്‍റെ നിഗമനം. നേരെത്തെ പോയവർ ഓസ്‌ട്രേലിയയിൽ ജോബ് പെർമിറ്റ്‌ നേടിയിട്ടുണ്ടെന്ന് കസ്റ്റഡിയിലുള്ളവര്‍ മൊഴി നല്‍കിയിട്ടുണ്ട്.

മനുഷ്യക്കടത്തിന് പിന്നിലുള്ള ശ്രീകാന്തനും സെല്‍വനുമടക്കമുള്ള പത്ത് ഇടനിലക്കാരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.  കാര്യങ്ങള്‍ ഏകോപിപ്പിച്ചതില്‍ പങ്കുണ്ടെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത  പ്രഭുവിനെ അറസ്റ്റ് ചെയ്യും. ബോട്ടിൽ കയറി ഓസ്ട്രേലിയയിലേക്ക് കടക്കാൻ പരാജയപ്പെട്ട പ്രഭുവിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 

സാധനങ്ങള്‍ വാങ്ങാന്‍ പോയപ്പോള്‍ ബോട്ട് പുറപ്പെട്ടതിനാല്‍ പ്രഭുവിന് ബോട്ടില്‍ കയറാന്‍ കഴിഞ്ഞില്ല. എന്നാല്‍ പ്രഭുവിന്‍റെ മകളും ഭാര്യയും ബോട്ടില്‍ പോയിട്ടുണ്ട്. ദില്ലിയില്‍ പണം പിരിക്കാനും ആളെ കൂട്ടാനും പ്രഭുവും ഉണ്ടായിരുന്നു. പ്രഭുവിനൊപ്പം ദീപക് എന്നയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഭാര്യയും മകളും ബോട്ടിൽ കയറിപ്പോയെന്നും മനുഷ്യക്കടത്ത് നടക്കുന്നെന്ന വിവരം പുറത്തറിഞ്ഞതോടെ യാത്ര മുടങ്ങിയെന്നുമാണ് ദീപക് പൊലീസിന് നല്‍കിയ മൊഴി. 

Read more:  ഭാര്യയും മകളും ബോട്ടിൽ പോയി; മനുഷ്യക്കടത്ത് വിവരം പുറത്തായപ്പോൾ മടങ്ങി, അറസ്റ്റിലായ ദീപകിന്റെ മൊഴി

click me!