
തിരുവനന്തപുരം: പുറ്റിങ്ങൽ വെടിക്കെട്ടപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥരെ കുറ്റക്കാരാക്കാൻ ഗൂഡാലോചന നടക്കുന്നതായി പൊലീസ് സർവ്വീസ് ഓഫീസേഴ്സ് അസോസിയേഷൻ. പ്രശ്നത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് സംഘടന കത്ത് നൽകി.
111 പേരുടെ മരണത്തിനിടാക്കിയ പുറ്റിങ്ങൽ വെടികെട്ട് അപകടത്തെ കുറിച്ചന്വേഷിക്കുന്ന ജുഡിഷ്യൽ കമ്മീഷൻറെ തെളിവെടുപ്പ് അന്തിമഘട്ടത്തിലെത്തി നൽക്കുമ്പോഴാണ് പൊലീസ് സംഘടനയുടെ ഇടപെടൽ. ദുരന്തത്തിൻറെ കാരണവും റവന്യൂ- പൊലീസ് ഉദ്യോഗസ്ഥരുടെ വീഴ്ചയുമാണ് കമ്മീഷൻ പരിശോധിക്കുന്ന കാര്യങ്ങളിലൊന്ന്. വെടിക്കെട്ടിന് അനുമതി നൽകിയതിനെ ചൊല്ലി ജില്ലാ ഭരണകൂടവും പൊലീസും പരസ്പരം പഴിചാരിയിരുന്നു.പൊലീസുദ്യോഗസ്ഥരെ ഏകപക്ഷീയമായി പ്രതികൂട്ടിലാക്കാനുള്ള ഗൂഡാലോചന ചില കേന്ദ്രങ്ങളിൽ ഇപ്പോഴും തുടരുന്നുവെന്നാണ് ഡിവൈഎസ്പിമാരുടെയും എസ്പിമാരുടെ സംഘടന ആരോപിക്കുന്നത്.
സർക്കാർ നിലപാട് കമ്മീഷനെ അറിയിക്കാനിരിക്കെയാണ് സംഘടന ഇപ്പോള്‍ മുഖ്യമന്ത്രിയെ സമീപിച്ചിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് വസ്തുതാപരമായ റിപ്പോർട്ട് കമ്മീഷനുമുന്നിൽ അറിയിക്കാൻ മുഖ്യമന്ത്രിയുടെ ഇടപടെൽ വേണണെന്നാണ് അസോസിയേഷൻ ആവശ്യപ്പെടുന്നത്. അനുമതി നൽകുന്നതിലെ വീഴ്ച ആരോപിച്ച് കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ അടക്കമുള്ള പൊലീസുകാരെ സസ്പെൻഡ് ചെയ്യണമെന്ന് ആഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോ സർക്കാറിന് റിപ്പോർട്ട് നൽകി. ആരോപണ വിധേയരായ പൊലീസുകാരെ സംരക്ഷിച്ചു എന്നതിൻറെ പേരിലായിരുന്നു ടി പി സെൻകുമാറിനെ ഡി ജി പി സ്ഥാനത്ത് നിന്നും മാറ്റാനുള്ള ഒരു കാരണം.
നളിനി നെറ്റോ ഇപ്പോൾ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയാണ്. ജുഡീഷ്യൽ കമ്മീഷനിലെ സർക്കാർ അഭിഭാഷകനെയുടം അന്വേഷണം നേരിടുന്ന കൊല്ലം കളക്ടറായിരുന്ന ഷൈനമാളോയും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കഴിഞ്ഞ ദിവസം വിളിച്ചുവരുത്തിയതായി പൊലീസ് സംഘടനകള്‍ ആരോപിക്കുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് സംഘടനയുടെ ഇടപെടൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam