
കണ്ണൂര്‍: തോക്കും ലാത്തിയും ആയുധങ്ങളും മാത്രമുപയോഗിച്ചല്ല പൊലീസ് നിയമം നടപ്പാക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊളോണിയൽ കാലത്തെ മര്‍ദ്ദക സംവിധാനമായി നിലനിൽക്കുന്ന പൊലീസിനെയല്ല ഇനി നാടിനാവവശ്യമെന്നും പൊലീസിൽ സമഗ്രമായ പരിഷ്കാരങ്ങൾക്ക് സമയമായെന്നും മുഖ്യമന്ത്രി. കണ്ണൂര്‍ കെ.എ.പി പതിനാലാം ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസംഗത്തിനിടെ ആദ്യ ഇഎംഎസ് സർക്കാരിന്‍റെ കാലത്ത് പൊലീസ് പരിഷ്ക്കരണത്തിനായി നിയമിച്ച ചാറ്റര്‍ജി കമ്മിഷനെ പരാമര്‍ശിച്ച്, പൊലീസിൽ വരുത്തേണ്ട കാലോചിതമായ പരിഷ്കാരങ്ങളിലേക്ക് കടന്ന മുഖ്യമന്ത്രി പൊലീസ് പരിശീലനത്തിന്‍റെ സിലബസ് മുതൽ മാറ്റങ്ങളാവശ്യമാണെന്ന് നിലപാട് വ്യക്തമാക്കി.
തുടര്‍ന്നായിരുന്നു സമീപകാലത്തെ സംഭവങ്ങളുടെ കൂടി പശ്ചാത്തലത്തിൽ, ബലപ്രയോഗത്തിലൂടെയുള്ള നിയമം നടപ്പാക്കലല്ല സര്‍ക്കാര്‍ ആഗ്രഹക്കുന്നതെന്നും സമഗ്രമായ മാറ്റമാണ് ലക്ഷ്യമിടുന്നതെന്നുമുള്ള പ്രഖ്യാപനം. സാധാരണക്കാരുടെ ആവലാതികൾക്കൊപ്പം നിൽക്കുന്നതാകണം പൊലീസ്.
പരിശീലനം കഴിഞ്ഞ് എം.എസ്.പി, കെ.എ.പി ബറ്റാലിയനുകളിൽ നിന്നായി 525 പൊലീസുകാരാണ് കനത്തമഴയിലും പാസിംഗ് ഔട്ട് പരേഡ് പൂര്‍ത്തിയാക്കി ഇന്ന് പുറത്തിറങ്ങിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam