ആയിരത്തിലധികം പൊലീസുകാരും സൈന്യവും, നിരീക്ഷണത്തിന് സിസിടിവികള്‍- ഡ്രോണുകള്‍; അയോധ്യയില്‍ കനത്ത കാവല്‍

By Web TeamFirst Published Nov 25, 2018, 5:23 PM IST
Highlights

ഏതാണ്ട് രണ്ട് ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചതോടെയാണ് സുരക്ഷ ശക്തമാക്കാന്‍ പൊലീസ് തീരുമാനിച്ചത്. ആയിരത്തിലധികം പൊലീസുകാരും സൈന്യവുമാണ് അയോധ്യയിലും പരിസരപ്രദേശങ്ങളിലുമായി തമ്പടിച്ചിരിക്കുന്നത്. നിരീക്ഷണത്തിനായി നൂറ്റിയമ്പതോളം ഇടങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്

അയോധ്യ: രാമക്ഷേത്ര നിര്‍മ്മാണത്തിനായി വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ 'ധര്‍മ്മസഭ' നടക്കുന്ന അയോധ്യയില്‍ കനത്ത സുരക്ഷാസംവിധാനങ്ങളൊരുക്കി പൊലീസ്. ആയിരത്തിലധികം പൊലീസുകാരും സൈന്യവുമാണ് അയോധ്യയിലും പരിസരപ്രദേശങ്ങളിലുമായി തമ്പടിച്ചിരിക്കുന്നത്. നിരീക്ഷണത്തിനായി നൂറ്റിയമ്പതോളം ഇടങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിന് പുറമെ ഡ്രോണുകളും ക്രമീകരിച്ചിട്ടുണ്ട്.

'പരിപാടിക്ക് മുന്നോടിയായി തന്നെ എല്ലാ തരത്തിലുള്ള സുരക്ഷാക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ആവശ്യത്തിന്  പാര്‍ക്കിംഗ് സ്‌പെയ്‌സുകളൊരുക്കിയിട്ടുണ്ട്. ഹൈവേകള്‍ ഉള്‍പ്പെടെയുള്ള റോഡുകളിലെല്ലാം തടസങ്ങളില്ലാതെ ഗതാഗതം നടക്കുന്നു. എല്ലാ കാര്യങ്ങളും കൃത്യമായിത്തന്നെയാണ് മുന്നോട്ടുനീങ്ങുന്നത്'- ഉത്തര്‍പ്രദേശ് പൊലീസ് മേധാവി ഓംകാര്‍ സിംഗ് അറിയിച്ചു. 

സംസ്ഥാനത്തെ അമ്പതോളം ജില്ലകളില്‍ നിന്നായി രാമക്ഷേത്രനിര്‍മ്മാണത്തെ പിന്തുണയ്ക്കുന്നവരും ഭക്തരുമെത്തുമെന്നാണ് വിഎച്ച്പി നേരത്തേ അറിയിച്ചിരുന്നത്. ഏതാണ്ട് രണ്ട് ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചതോടെയാണ് സുരക്ഷ ശക്തമാക്കാന്‍ പൊലീസ് തീരുമാനിച്ചത്. 

രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ബിജെപിയുമായി നിരന്തരം പോരിലാവുകയാണ് വിഎച്ച്പി. ക്ഷേത്ര നിര്‍മ്മാണത്തിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നായിരുന്നു വിഎച്ച്പിയുടെ ആവശ്യമെങ്കിലും ഇത് സാധ്യമല്ലെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയായിരുന്നു. ഇതോടെ കൂടുതല്‍ രാഷ്ട്രീയ പോരാട്ടങ്ങള്‍ക്ക് കൂടി കളമാവുകയാണ് അയോധ്യ. 

click me!