കുട്ടികളെ തട്ടിക്കൊണ്ടു പോകല്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ 5 കൊല്ലം തടവ് ശിക്ഷ

By Web DeskFirst Published Feb 7, 2018, 2:12 PM IST
Highlights

തിരുവനന്തപുരം: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങള്‍ കേരളത്തില്‍ വിലസുനെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ദക്ഷിണമേഖല ഐജി മനോജ് എബ്രഹാം വ്യക്തമാക്കി. പേജുകളിലൂടെ വ്യാജ വാര്‍ത്തയും ചിത്രങ്ങളും പ്രചരിപ്പിക്കുന്നത് വ്യാപകമാകുന്നുണ്ടെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഇത്തരത്തില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്ന അഞ്ച് കൊല്ലം വരെ ജയിലില്‍ പോകാവുന്ന കുറ്റമാണെന്ന് പോലീസ് പറയുന്നു.

കുട്ടികളെ തട്ടികൊണ്ടുപോകുന്ന സംഘങ്ങള്‍ കേരളത്തില്‍ വ്യാപകമാകുന്നുണ്ടെന്നും കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിന്‍റെ പല ഭാഗങ്ങളിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നുമുള്ള വ്യാജ പ്രചാരണങ്ങള്‍ കൂടിയിരുന്നു. ഇതോടെ ജനം പരിഭ്രാന്തിയിലായിരിക്കുകയാണ്. വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയതോടെ അന്യനാട്ടില്‍ നിന്നുള്ള സാധാരണ കൂലിപ്പണിക്കാരും ഭിക്ഷാടകരും പുറത്തിറങ്ങാന്‍ പോലും ഭയപ്പെടുന്ന അവസ്ഥയാണുള്ളത്. 

കഴിഞ്ഞ ദിവസം പൊന്നാനിയില്‍ വെച്ച് മുഷിഞ്ഞ വസ്ത്രധാരിയായ വൃദ്ധനെ ഒരു കൂട്ടം ജനങ്ങള്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചിരുന്നു.സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിക്കുന്ന തട്ടികൊണ്ട് പോകല്‍ കഥകളുടെ മറപിടിച്ചാണ് നിരപരാധിയായ വൃദ്ധനെ ആള്‍ക്കൂട്ടം തല്ലിച്ചതച്ചത്. ജനങ്ങളുടേയും പോലീസിന്‍റേയും സമയോചിതമായ ഇടപെടലിലൂടെയാണ് അയാള്‍ രക്ഷപ്പെട്ടത്.

പഴയ ചില പേടിപ്പെടുത്തുന്ന ചിത്രങ്ങളും അന്യ സംസ്ഥാനങ്ങളില്‍ നടന്ന തട്ടിക്കൊണ്ടുപോകല്‍ കഥകളും സഹിതമാണ് സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രൊഫൈലുകള്‍ വഴി ഇത്തരം വാര്‍ത്തകള്‍ പരക്കുന്നത്. പ്രചരിക്കുന്നതില്‍ 99 ശതമാനം വാര്‍ത്തകളും വ്യാജമാണെന്ന് കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

click me!