
തിരുവനന്തപുരം: പഠിക്കാനും കുടുംബത്തെ സഹായിക്കാനുമുളള പണമുണ്ടാക്കാന്‍ കൊച്ചിയില്‍ തൊഴില്‍ ചെയ്യാനിറങ്ങിയ ഹനാനെതിരെ സമൂഹമാധ്യമങ്ങളില്‍ അവഹേളനപരമായ പ്രചാരണം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസിന് നിര്‍ദേശം നല്‍കി. ഹനാന് ആവശ്യമായ സംരക്ഷണം നല്‍കാന്‍ എറണാകുളം ജില്ലാ കലക്ടറോടും ആവശ്യപ്പെട്ടിട്ടുണ്ട്.
പഠനത്തിന് പണം കണ്ടെത്താനായി മത്സ്യം വില്‍ക്കുന്ന ഹനാന്‍ എന്ന പെണ്‍ക്കുട്ടിയെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ സോഷ്യല്‍മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്. എന്നാല്‍, തനിക്കെതിരെ ഉയരുന്ന വ്യാജ പ്രചരണങ്ങള്‍ക്ക് മറുപടിയുമായി ഹനാന്‍ തന്നെ രംഗത്തെത്തി. ഹനാനെതിരെ നടക്കുന്ന കുപ്രചരണങ്ങള്‍ തള്ളിക്കളയണമെന്നും എല്ലാ പിന്തുണയും നല്‍കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഹനാനായ്ക്ക് മുഖ്യമന്ത്രി പിന്തുണ നല്‍കിയതിന് പിന്നാലെയാണ് കുപ്രചരണം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
സിനിമയുടെ പ്രചരണത്തിന് വേണ്ടി നടത്തിയ പ്രഹസനമായിരുന്നും ഹനാന്‍റെ മീന്‍ക്കച്ചവടം എന്നായിരുന്നു സോഷ്യല്‍മീഡിയില്‍ ഉയര്‍ന്ന ആരോപണം. എന്നാല്‍, ഹനാന്‍ ഏറെ കഷ്ടപ്പാടുകള്‍ നേരിടുന്ന പശ്ചാത്തലത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയാണെന്ന് കോളേജ് അധികൃതര്‍ തന്നെ വ്യക്തമാക്കുന്നു. ഒരു പരിപാടിക്കിടെ കടുത്ത ചെവിവേദന മൂലം ബുദ്ധിമുട്ടിയ ഹനാനെ സഹായിച്ചത് അധ്യാപകരാണെന്നും കോളേജ് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ഏറെ കഷ്ടപ്പെടുന്ന കുട്ടിയാണെന്നും പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും ഏറെ സജീവമാണ് ഹനാനെന്നും തൊടുപുഴ അല്‍ അസര്‍ കോളേജ് അധികൃതര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് വ്യക്തമാക്കി. സത്യാവസ്ഥ പുറത്ത് വന്നതോടെ ഹനാന് പിന്തുണയുമായി സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam