നിയമനത്തട്ടിപ്പ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘമേധാവി ഐജി അജിത ബീഗം പിഎസ്‍സി ചെയർമാനുമായി കൂടിക്കാഴ്ച നടത്തി. അന്വേഷണവുമായി സഹകരിക്കാൻ പിഎസ്‍സി തീരുമാനിച്ചെങ്കിലും, രഹസ്യ സ്വഭാവമുള്ള രേഖകൾ കൈമാറുന്നതിൽ ഭാവിയിൽ തർക്കമുണ്ടാകാൻ സാധ്യതയുണ്ട്.

തിരുവനന്തപുരം: നിയമനത്തട്ടിപ്പ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘമേധാവി ഐജി അജിത ബീഗം പിഎസ്‍സി ആസ്ഥാനത്തെത്തി ചെയർമാനുമായി കൂടിക്കാഴ്ച നടത്തി. അന്വേഷണരീതിയും ആവശ്യമായ രേഖകളെ കുറിച്ചും ഐജി സംസാരിച്ചതായാണ് വിവരം. ക്രൈം ബ്രാഞ്ച് അന്വേഷണവുമായി സഹകരിക്കാൻ പിഎസ്‍സി തീരുമാനിച്ചതിന് പിന്നാലെയാണ് ഐജി എത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതിവേഗമാണ് അന്വേഷണം നടക്കുന്നത്. വൈകുന്നേരമാണ് ഐജി അജിതാ ബീഗം പട്ടത്തെ പിഎസ്‍സി ആസ്ഥാനത്തെത്തിയത്. ഒരു മണിക്കൂറോളം ചെയർമാൻ എംആർ ബൈജുവുമായി കൂടിക്കാഴ്ച നടത്തി. നിയമന രീതി, പരീക്ഷാനടത്തിപ്പ്, ആവശ്യമായ രേഖകൾ എന്നിവയെ കുറിച്ചെല്ലാം സംസാരിച്ചതായാണ് വിവരം. രേഖകളാവശ്യപ്പെട്ട് ഉടൻ സംഘം ഔദ്യോഗികമായി പിഎസ്‍സിക്ക് കത്ത് നൽകും. സർക്കാറുമായുള്ള ഏറ്റുമുട്ടൽ ഒഴിവാക്കി ക്രൈം ബ്രാഞ്ച് അന്വേഷണവുമായി സഹകരിക്കാൻ ഇന്ന് ചേർന്ന കമ്മീഷൻ യോഗം തീരുമാനിച്ചിരുന്നു. കമ്മീഷൻ സ്റ്റാൻഡിംഗ് കൗൺസിലിൻറെ നിയമോപദേശവും ഉടക്ക് വേണ്ട എന്നായരുന്നു. ചട്ടങ്ങളും നിയമങ്ങളും അനുശാസിച്ചുള്ള രേഖകൾ ക്രൈം ബ്രാഞ്ചിന് കൈമാറുമെന്നാണ് കമ്മീഷൻ വാർത്താകുറിപ്പ്.

രേഖ കൈമാറ്റത്തിൽ ഭാവിയിൽ തർക്കമാകാനിടയുണ്ട്. രഹസ്യസ്വഭാവമുള്ള രേഖകൾ സ്ഥാപനത്തിൻറെ പരിരക്ഷ പറഞ്ഞ് കമ്മീഷൻ പുറത്തുനിന്നുള്ള ഏജൻസിക്ക് നൽകാറില്ല. പരാതി ഉയർന്ന നിയമനത്തിൽ ചോദ്യപേപ്പർ തയ്യാറാക്കിയതിൻെയും മൂല്യനിർണ്ണയത്തിൻ്റേയും മുഴുവൻ രേഖകൾ ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടാൽ കമ്മീഷൻ ഒഴിഞ്ഞുമാറുമോ എന്നാണ് അറിയേണ്ടത്. പരാതിക്കാരിൽ നിന്ന് മൊഴിയെടുത്ത ക്രൈം ബ്രാഞ്ച് സംഘം പിഎസ്‍സിയുടെ ഉന്നതങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമ്പോഴുള്ള കമ്മീഷൻ നിലപാടും നിർണ്ണായകമാണ്.

YouTube video player