ശബരിമലയിൽ പൊലീസ് സുരക്ഷ ശക്തം; ഇരുമുടിക്കെട്ടില്ലാതെ വരുന്നവരെ പ്രത്യേകം നിരീക്ഷിക്കും; 7 പേരെ തിരിച്ചയച്ചു

By Web TeamFirst Published Nov 17, 2018, 11:21 AM IST
Highlights

ശബരിമലയിൽ പൊലീസ് സുരക്ഷ ശക്തമാക്കി. ഇരുമുടിക്കെട്ടില്ലാതെ  ശബരിമലയിലെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കാന്‍ പൊലീസ് നിര്‍ദേശം. സംശയം തോന്നിയ 7 പേരെ പൊലീസ് തിരിച്ചയച്ചു. 

സന്നിധാനം: ശബരിമലയിൽ പൊലീസ് സുരക്ഷ ശക്തമാക്കി. ഇരുമുടിക്കെട്ടില്ലാതെ  ശബരിമലയിലെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കാന്‍ പൊലീസ് നിര്‍ദേശം. സംശയം തോന്നിയ 7 പേരെ പൊലീസ് തിരിച്ചയച്ചു. ക്രമസമാധാനനില ക്രമീകരിക്കുന്നത് ചർച്ച ചെയ്യാൻ ഡിജിപി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. 

പമ്പയ്ക്ക് അപ്പുറത്തേക്ക് ഇരുമുടിക്കെട്ടില്ലാതെ കടത്തിവിടില്ലെന്ന നിലപാടിലാണ് പൊലീസുള്ളത്. ഇതിനു മുന്‍പ് നടതുറന്ന സമയത്ത് സന്നിധാനത്ത് നടന്ന അനിഷ്ട സംഭവങ്ങളില്‍ പങ്കെടുത്തത് ഇരുമുടിക്കെട്ടില്ലാതെ സന്നിധാനത്ത് എത്തിയവരാണെന്നാണ് പൊലീസ് ഭാഷ്യം. ഇത്തരത്തില്‍ സംശയം തോന്നിയ ഏഴുപേരെയാണ് ഇന്ന് മടക്കി അയച്ചത്. ഇവരുടെ പശ്ചാത്തലം പരിശോധിച്ച് വരികയാണെന്ന് പൊലീസ് വിശദമാക്കി. 

പ്രശ്ന സാധ്യത കണക്കിലെടുത്ത് കൂടുതൽ ബിജെപി നേതാക്കളെ കരുതൽ തടങ്കലിലെടുത്തിട്ടുണ്ട്. പട്ടികജാതി മോർച്ചാ സംസ്ഥാനപ്രസിഡന്‍റ് പി.സുധീറിനെയും ശബരിമല ആചാരസംരക്ഷണസമിതി പൃത്ഥ്വിപാലിനെയും ഇന്ന് പുലർച്ചെയാണ് കരുതൽ കസ്റ്റഡിയിലെടുത്തത്. ഹിന്ദു ഐക്യവേദി സംസ്ഥാനപ്രസിഡന്‍റ് കെ.പി.ശശികലയെ അറസ്റ്റ് ചെയ്തതിൽ കൂടുതൽ പ്രതിഷേധമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ശബരിമലയിലെത്തുന്ന തീർഥാടകരെ തമ്പടിക്കാനോ കൂട്ടം കൂടാനോ പൊലീസ് അനുവദിക്കുന്നില്ല.

ഇന്നും ഭക്തജനത്തിരക്ക്

ഇന്ന് പുലർച്ചെ മൂന്ന് മണിയ്ക്കാണ് ശബരിമല നട തുറന്നത്. വലിയ ഭക്തജനത്തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. ദർശനത്തിന് ഇപ്പോഴും നീണ്ട ക്യൂവുണ്ട്. കൃത്യമായ നിയന്ത്രണത്തോടെ മാത്രമാണ് സന്നിധാനത്തേയ്ക്ക് തീർഥാടകരെ കടത്തി വിടുന്നത്. 

ഇന്നും കർശന പരിശോധനയുണ്ടാകും

ഇന്നലെ രാത്രി പത്ത് മണിയ്ക്ക് നട അടച്ച ശേഷം ആരെയും സന്നിധാനത്ത് തങ്ങാൻ പൊലീസ് അനുവദിച്ചില്ല. എല്ലാവരെയും പമ്പയിലേക്കും നിലയ്ക്കലേക്കും പൊലീസ് മാറ്റി. നെയ്യഭിഷേകത്തിന് ടിക്കറ്റെടുത്ത വളരെക്കുറച്ച് പേർക്ക് മാത്രമാണ് സന്നിധാനത്ത് തങ്ങാനായത്. ഇന്ന് പുലർച്ച രണ്ട് മണിയോടെ മാത്രമാണ് പമ്പയിൽ നിന്ന് സന്നിധാനത്തേയ്ക്ക് തീർഥാടകരെ കടത്തി വിട്ടത്. അവരെ പിന്നീട് മരക്കൂട്ടത്ത് വീണ്ടും തടഞ്ഞു. മൂന്ന് മണിക്ക് നട തുറന്നതിന് ശേഷം മാത്രമാണ് അവരെ സന്നിധാനത്തേയ്ക്ക് കടത്തിവിട്ടത്. 

സന്നിധാനത്ത് പിടി മുറുക്കി പൊലീസ്

ചരിത്രത്തിലാദ്യമായി സന്നിധാനം കനത്ത പൊലീസ് സുരക്ഷാവലയത്തിലാണ്. വലിയ നടപ്പന്തലിന് താഴെയും നടപ്പന്തലിലും ആളുകളെ കൂട്ടം കൂടാൻ അനുവദിയ്ക്കാതെ ക്യൂ പാലിച്ച് മാത്രമേ ദർശനം അനുവദിക്കൂ. മരക്കൂട്ടത്ത് നിന്ന് മുകളിലേക്ക് ക്യൂ പാലിച്ച് മാത്രമേ കയറാനാകൂ. മരക്കൂട്ടത്തിനടുത്തും വലിയ നടപ്പന്തലിലും കഴിഞ്ഞ തവണ വലിയ രീതിയിൽ ആളുകൾ കൂട്ടം കൂടി പ്രതിഷേധവുമായി എത്തിയ സാഹചര്യത്തിലാണ് പൊലീസിന്‍റെ മുൻകരുതൽ. 

അതേസമയം, കർശനമായ നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ട സാഹചര്യം ശബരിമലയിലുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ശബരിമല സംഘർഷ ഭൂമി ആക്കണമെന്ന് സർക്കാരിന് ആഗ്രഹമില്ലെന്ന് കാനംരാജേന്ദ്രന്‍  നേരത്തെ പ്രതികരിച്ചിരുന്നു.  സുരക്ഷ ശക്തമാക്കിയത് കേന്ദ്രം പറഞ്ഞിട്ടെന്ന് വിശദമാക്കിയ കാനം കർശനമായ സാഹചര്യം ഉള്ളിടത്ത് കർശന നിയന്ത്രണവും വേണ്ടി വരുമെന്നും വ്യക്തമാക്കി.

click me!