സുനില്‍കുമാര്‍ പ്രതിയായ മോഷണക്കേസും ക്വട്ടേഷന്‍; പൊലീസ് പുനരന്വേഷണത്തിന്

By Web DeskFirst Published Jul 12, 2017, 10:03 PM IST
Highlights

സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനി പ്രതിയായ കിടങ്ങൂര്‍ കവര്‍ച്ചാ കേസില്‍ കോട്ടയം പൊലീസ് പുനരന്വേഷണത്തിന് തീരുമാനിച്ചു. ബസില്‍ യാത്ര ചെയ്യുകയായിരുന്ന മാര്‍വാടി യുവാവിന്റെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച് ലക്ഷങ്ങള്‍ തട്ടിയ കേസിലാണ് വീണ്ടും കുറ്റപത്രം സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്

2014 മെയ് 19ന് പാലയില്‍ വിവിധ ജ്വല്ലറികളില്‍ സ്വര്‍ണ്ണം നല്‍കിയതിന്റെ പണവുമായി കെ.എസ്.ആര്‍.ടി.സി ബസില്‍ കോട്ടയത്തേക്ക് പോകുകയായിരുന്ന മാ‍ര്‍വാഡി യുവാവിനെ ആക്രമിച്ച് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിലും സുനില്‍കുമാറെന്ന പള്‍സര്‍ സുനി മുഖ്യപ്രതിയാണ്. ബസ് കിടങ്ങൂരിലെത്തൂമ്പോള്‍ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം ബസില്‍ കയറി യുവാവിന്റെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. ഇയാള്‍ സഞ്ചരിച്ച ബൈക്ക് ഒരു മാസത്തിന് ശേഷം കണ്ടെടുത്തു. അന്ന് സുനില്‍ കുമാറിന് വേണ്ടി ലുക്കൗട്ട് നോട്ട് പുറപ്പെടുവിച്ച പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ഈ കേസില്‍ സുനി ജാമ്യത്തിലാണ്. ആകെ എട്ട് പ്രതികളുള്ള കേസില്‍ പൊലീസ് നേരത്തെ കൊടുത്ത കുറ്റപത്രത്തില്‍ സുനില്‍കുമാര്‍ ഏഴാം പ്രതിയാണ്.  

എന്നാല്‍ നടിക്കെതിരെയുള്ള ആക്രമണം പുറത്തുവന്ന സാഹചര്യത്തിലാണ് ഈ കേസ് വീണ്ടും അന്വേഷിച്ച് പുതിയ കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസ് തീരുമാനിച്ചത്. മാത്രമല്ല ജാമ്യത്തിലിറങ്ങിയ സുനി കോടതിയില്‍ ഹാജരാകാതെ വന്നതോടെ ഇയാള്‍ക്കെതിരെ ഏറ്റുമാനൂര്‍‍ കോടതി വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്. പുതിയ കുറ്റപത്രത്തില്‍ ഇയാ‍ള്‍ രണ്ടാം പ്രതിയാകും. കിടങ്ങൂര്‍ കവര്‍ച്ചയും ക്വട്ടേഷനായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഈ കേസില്‍ തൃശൂര്‍ സ്വദേശിയായ ഒരാളെക്കൂടി പിടികൂടാനുണ്ട്. പുതിയ കുറ്റപത്രം ഉടന്‍ പൊലീസ് കോടതിയില്‍  സമര്‍പ്പിക്കും.

click me!