
മലപ്പുറം: പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തെ ചൊല്ലി നിലമ്പൂരിൽ രാഷ്ട്രീയപോര് മുറുകുന്നു. അന്വേഷണം നടത്താൻ വെല്ലുവിളിച്ച് യുഡിഎഫ് രംഗത്തെത്തി. ഗൂഢാലോചനയെന്ന സിപിഎം ആരോപണം അന്വേഷിക്കണമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരാജയഭീതിയിലാണ് സിപിഎം ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു.
ഗൂഢാലോചനാ ആരോപണം തെളിയിക്കാനുള്ള മര്യാദ സിപിഎം കാട്ടണമെന്ന് വഴിക്കടവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ജോസഫ് പറഞ്ഞു. വഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ഏത് അന്വേഷണവും നേരിടാമെന്ന് വഴിക്കടവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ജോസഫ് പറഞ്ഞു.
അന്വേഷണത്തെ ഭയമില്ലെന്നും എന്നാൽ, ആരോപണം തെളിയിക്കാനുള്ള മര്യാദ സിപിഎം കാണിക്കണമെന്നും റെജി ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പന്നിക്കെണി വച്ച സംഘത്തിൽ കൂടുതൽ ആളുകൾ ഉണ്ടെന്ന സംശയമുണ്ടെന്നും വഴിക്കടവ് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വ്യക്തമാക്കി. യുഡിഎഫ് ഗൂഢാലോചനയുടെ ഫലമാണ് വഴിക്കടവ് സംഭവമെന്ന ഇടത് നേതാക്കളുടെ ആരോപണത്തിലാണ് റെജി ജോസഫിന്‍റെ മറുപടി.
നിലമ്പൂരിൽ പന്നിക്കെണിയിൽ കുടുങ്ങി വിദ്യാർത്ഥി മരിച്ച സംഭവത്തിൽ വനം മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും ഉന്നയിച്ച ഗൂഢാലോചന ആരോപണം അന്വേഷിക്കണമെന് ആവശ്യം ശക്തമായി ഉയർത്തുകയാണ് യുഡിഎഫ്.
ഇടത് നേതാക്കൾ മുന്നോട്ടുവെച്ച ആരോപണം രാഷ്ട്രീയമായി എൽഡിഎഫിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ് നേതൃത്വം. യുഡിഎഫ് ഭരിക്കുന്ന വഴിക്കടവ് പഞ്ചായത്തിന്‍റെ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന് ആരോപിച്ച് ഇടതുമുന്നണി ഇന്ന് പഞ്ചായത്ത് ഓഫീസ് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam