വിദേശ വനിതയുടെ കൊലപാതകം; പ്രതികളുടെ മൊഴികളില്‍ വൈരുദ്ധ്യം, കൂടുതല്‍ അറസ്റ്റുകള്‍ക്കും സാധ്യത

By Web DeskFirst Published May 6, 2018, 5:55 PM IST
Highlights

മനഃശാസ്‌ത്ര വിദഗ്ദരുടെ സഹായത്തോടെയാണ് അറസ്റ്റിലായ ഉമേഷ്, ഉദയന്‍ എന്നിവരെ ചോദ്യം ചെയ്യുന്നത്.

തിരുവനന്തപുരം: വിദേശ വനിതയുടെ കൊലപാതക കേസില്‍ അറസ്റ്റിലായ രണ്ട് പ്രതികളെയും പൊലീസ് വിശദമായി ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇവരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം, മൃതദേഹം കണ്ടെത്തിയ വാഴമുട്ടത്തും പരിസരത്തും ഇന്ന് വീണ്ടും പരിശോധന നടത്തി.

ചോദ്യം ചെയ്യലിന്റെ ആദ്യം മുതല്‍ നിരന്തരം മൊഴിമാറ്റിപ്പറയുന്ന പ്രതികള്‍ ഇപ്പോഴും അത് ആവര്‍ത്തിക്കുന്നതായാണ് അന്വേഷണ സംഘത്തില്‍ നിന്ന് ലഭിക്കുന്ന വിവരം. അതുകൊണ്ടുതന്നെ മനഃശാസ്‌ത്ര വിദഗ്ദരുടെ സഹായത്തോടെയാണ് അറസ്റ്റിലായ ഉമേഷ്, ഉദയന്‍ എന്നിവരെ ചോദ്യം ചെയ്യുന്നത്. കൊലപാതക കേസിലെ രണ്ടാം പ്രതിയായ ഉദയന്റെ പങ്കിനെക്കുറിച്ച് ഒന്നാം പ്രതിയായ ഉമേഷാണ് പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ രണ്ടുപേരുടെയും മൊഴികള്‍ പരസ്‌പര വിരുദ്ധവുമാണ്. ഇവര്‍ക്ക് സ്ഥിരമായി മയക്കുമരുന്ന് എത്തിച്ചുനല്‍കുന്നവരെയും പൊലീസ് അന്വേഷിക്കുന്നുണ്ട്.  ഇവരെ കണ്ടെത്തുന്നതോടെ കേസില്‍ കൂടുതല്‍ പ്രതികളെ ചേര്‍ക്കാനും സാധ്യതയുണ്ട്. 

അറസ്റ്റിലായ പ്രതികള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥിരമായി വാഴമുട്ടത്തെ പൊന്തക്കാട്ടില്‍ എത്തിയിരുന്നുവെന്ന് നേരത്തെ തന്നെ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവ ദിവസം സ്ഥലത്തില്ലായിരുന്നുവെന്ന് പറഞ്ഞെങ്കിലും മൊബൈല്‍ സിഗ്നലുകള്‍ ഉള്‍പ്പെടെയുള്ളവ പരിശോധിച്ച് ഇത് കളവാണെന്ന് പൊലീസ് കണ്ടെത്തി. പലരെയും ഇവിടെ എത്തിച്ച് നേരത്തെയും പീഡീപ്പിച്ചിട്ടുണ്ടെന്ന വിവരവും കിട്ടി. ഇവരാരും പ്രതികളെ ഭയന്ന് പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ല. പോത്തന്‍കോട് നിന്ന് കോവളത്തെ ഗ്രോവ് ബീച്ചിലെത്തിയ വിദേശ വനിതയെ വാഴമുട്ടത്തേക്ക് കൂട്ടിക്കൊണ്ടു വന്നത് എങ്ങനെയെന്നത് സംബന്ധിച്ച് പ്രതികള്‍ പൊലീസിനോട് വിവരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ വഴിയില്‍ അന്വേഷണ ഉദ്ദ്യോഗസ്ഥനായ ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ ദിനിലിന്റെ നേതൃത്വത്തില്‍ ഇന്ന് പരിശോധന നടത്തിയത്.

വിദേശ വനിത ഗ്രോവ് ബീച്ചിലെത്തിയ സമയം, ഇവിടെ നിന്ന് വാഴമുട്ടത്തെ പൊന്തക്കാടു വരെ എത്താന്‍ സാധ്യതയുള്ള വഴി, ഈ യാത്രയ്‌ക്കെടുത്ത സമയം എന്നിവ പരിശോധിക്കാനാണ് ശാസ്‌ത്രീയമായ അന്വേഷണം നടത്തുന്നത്. ഇതിന് ശേഷം അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ പ്രതികളെയും സ്ഥലത്തുകൊണ്ടുപോയി പരിശോധന നടത്തും. ഈ മാസം 17വരെയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.

click me!