മദനിയുടെ കേസിൽ കാശ് വാങ്ങാറില്ലേ എന്ന കോടതിയുടെ ചോദ്യത്തിന് പ്രശാന്ത് ഭൂഷണിന്റെ മറുപടി

By Web DeskFirst Published Jul 31, 2017, 8:04 PM IST
Highlights

മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി തേടി പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മദനി സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് എസ്.എ ബോബ്‌ഡെ മദനിയുടെ അഭിഭാഷകനായ പ്രശാന്ത് ഭൂഷനോട് ഒരു ചോദ്യമുന്നയിച്ചു.  താങ്കളെപ്പോലെ പ്രഗത്ഭനായ ഒരു അഭിഭാഷകന് ഹര്‍ജിക്കാരനായ മദനി പണം നല്‍കുന്നില്ലേയെന്നായിരുന്നു ജഡ്ജിയുടെ ചോദ്യം. മാധ്യമ പ്രവര്‍ത്തകനായ ബി. ബാലഗോപാലാണ് ഇന്ന് സുപ്രീം കോടതിയില്‍ വാദത്തിനിടെ നടന്ന ആ സംഭവങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്...

ബാലഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
“Justice Krishna Iyer wrote a hand written letter to me. Since then I am appearing in this matter”

മകന്റെ കല്യാണത്തിൽ പങ്കെടുക്കാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് അബ്ദുൽ നാസ്സർ മദനി നൽകിയ ഹർജിയിൽ വാദം കേൾക്കവേ ജസ്റ്റിസ് എസ്.എ ബോബ്‌ഡെ ചോദിച്ച ഒരു ചോദ്യത്തിന് പ്രശാന്ത് ഭൂഷൺ നൽകിയ മറുപടി ആണിത്.

അസുഖ ബാധിത ആയ അമ്മയെ കാണാൻ കേരളത്തിൽ ഓഗസ്റ്റ് 1 മുതൽ 7 വരെ പോകാൻ മദനിക്ക് ബംഗളുരുവിലെ എൻ.ഐ.എ കോടതി അനുമതി നൽകിയിരുന്നു. മദനിയുടെ സുരക്ഷാ ചുമതല ഉള്ള കർണാടക പോലീസിന്റെ ചെലവ് മദനി വഹിക്കണം എന്നും എൻ.ഐ.എ കോടതി നിർദേശിച്ചിരുന്നു. എന്നാൽ കർണാടക പോലീസ് ഒരാഴ്ചത്തെ ചെലവ് ഏതാണ്ട് 6 ലക്ഷം ആണ് ആവശ്യപ്പെടുന്നത് എന്നും, അത് ഒരു വിചാരണ തടവുകാരന് താങ്ങാവുന്നതിലും അധികം ആണെന്നും പ്രശാന്ത് ഭൂഷൺ കോടതിയിൽ ചൂണ്ടിക്കാട്ടി. ഈ സന്ദർഭത്തിൽ ആണ് പ്രശാന്ത് ഭൂഷണെ പോലെ പ്രഗത്ഭനായ ഒരു അഭിഭാഷകന് ഹർജിക്കാരൻ ഫീസ് നൽകുന്നില്ലേ എന്ന് കോടതി ആരാഞ്ഞത്. എന്നാൽ മദനിയുടെ കാര്യം വിവരിച്ച് ജസ്റ്റിസ് കൃഷ്ണയ്യർ സ്വന്തം കൈപ്പടയിൽ ഒരു കത്ത് തനിക്ക് എഴുതിയതാണെന്നും, അതിന് ശേഷമാണ് ഈ കേസിൽ ഹാജരാകുന്നത് എന്നും ആയിരുന്നു പ്രശാന്ത് ഭൂഷൺന്റെ മറുപടി. മദനിക്ക് വേണ്ടി ഹാജരാകുന്നതിന്റെ രഹസ്യം പലപ്പോഴും പ്രശാന്ത് ഭൂഷൺ പൊതു വേദികളിൽ പറഞ്ഞിട്ടുണ്ട് എങ്കിലും, ഇത് ആദ്യമായാണ് കോടതിയിൽ ഇക്കാര്യം വെളിപ്പെടുത്തുന്നത് എന്ന് തോന്നുന്നു.

വാദത്തിനിടയിൽ ജഡ്ജിമാരുടെ ചോദ്യത്തിന് അഭിഭാഷകർ മറുപടി നൽകാൻ പ്രയാസപെടുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. എന്നാൽ മദനിയുടെ ഹർജി വാദിക്കുന്നതിനിടയിൽ പ്രശാന്ത് ഭൂഷൺ ഉന്നയിച്ച ഒരു ചോദ്യത്തിന് ഉത്തരം നൽകാൻ ഇന്ന് ജഡ്ജിമാർ പ്രയാസപെടുന്നത് കണ്ടു. ഒരു വിചാരണ തടവുകാരന്റെ സുരക്ഷയ്ക്ക് വരുന്ന ചെലവ് ആരുടെ ഉത്തരവാദിത്വം ആണ്? തടവുപുള്ളിയുടെയോ, സർക്കാരിന്റെയോ? ഈ ചോദ്യത്തിന് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ മറുപടി ഇങ്ങനെ ആയിരുന്നു.
“It is a difficult question to answer”.

 

click me!