ദില്ലി നിലനിര്‍ത്താന്‍ പ്രശാന്ത് കിഷോറിനെ ഒപ്പം കൂട്ടി അരവിന്ദ് കെജ്‍രിവാള്‍; നെഞ്ചിടിച്ച് ബിജെപി

By Web TeamFirst Published Dec 14, 2019, 1:35 PM IST
Highlights

നരേന്ദ്ര മോദി രണ്ട് തവണ അധികാരത്തിലേറിയെങ്കിലും രാജ്യതലസ്ഥാനം ബിജെപിക്ക് കിട്ടിയില്ല. അതുകൊണ്ട് തന്നെ അഭിമാന പോരാട്ടമായാണ് ബിജെപി തെരഞ്ഞെടുപ്പിനെ കാണുന്നത്.

ദില്ലി: ദില്ലിയില്‍ അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തന്ത്രങ്ങള്‍ മെനയാന്‍ തെരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോറിനെ ഒപ്പം കൂട്ടി എഎപി നേതാവും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‍രിവാള്‍. പ്രശാന്ത് കിഷോറിന്‍റെ ഐ-പാക് (പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി) കമ്പനിയുമായി കരാറൊപ്പിട്ടെന്ന് കെജ്‍രിവാള്‍ വ്യക്തമാക്കി. പ്രശാന്ത് കിഷോറിന്‍റെ കമ്പനിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കെജ്‍രിവാള്‍ ട്വീറ്റ് ചെയ്തു. കെജ്‍രിവാളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഐ-പാകും ട്വീറ്റ് ചെയ്തു.

അടുത്ത വര്‍ഷമാണ് 70 അംഗ ദില്ലി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്. നരേന്ദ്ര മോദി രണ്ട് തവണ അധികാരത്തിലേറിയെങ്കിലും രാജ്യതലസ്ഥാനം ബിജെപിക്ക് കിട്ടിയില്ല. അതുകൊണ്ട് തന്നെ അഭിമാന പോരാട്ടമായാണ് ബിജെപി തെരഞ്ഞെടുപ്പിനെ കാണുന്നത്. ബിഹാറില്‍ ജെഡിയു പാര്‍ട്ടി അംഗമായ പ്രശാന്ത് കിഷോര്‍ പൗരത്വ നിയമ ഭേദഗതിയില്‍ പാര്‍ട്ടിയുമായി ഉടക്കിയിരിക്കുകയാണ്.  

അതേസമയം, സെന്‍റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസിന്‍റെ ലോക്‌നീതി പദ്ധതി നടത്തിയ സര്‍വേയില്‍ ആംആദ്മി പാര്‍ട്ടി ദില്ലിയില്‍ ഭരണത്തുടര്‍ച്ചയുണ്ടാക്കുമെന്ന് വോട്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം തുടങ്ങിയ മേഖലകളിലെല്ലാം അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാര്‍ മികച്ച പ്രകടനം നടത്തിയെന്നും സര്‍വേ പറയുന്നു. 2,298 വോട്ടര്‍മാരാണ് സര്‍വേയില്‍ പങ്കെടുത്തത്.

click me!