രാമക്ഷേത്രനിർമ്മാണത്തിന് ഒരു ഇഷ്ടികയും 11 രൂപയും: യോഗി ആദിത്യനാഥ്

By Web TeamFirst Published Dec 14, 2019, 1:17 PM IST
Highlights

 "അയോധ്യയില്‍ താമസിയാതെ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കും.  ജാര്‍ഖണ്ഡിലെ ഓരോ വീട്ടില്‍ നിന്നും 11 രൂപയും ഒരു ഇഷ്ടികയും സംഭാവനയായി നൽകാൻ ഞാൻ അഭ്യർത്ഥിക്കുന്നു"- യോഗി ആദിത്യനാഥ് പറഞ്ഞു. 

അയോധ്യ: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിൽ എല്ലാ ജനങ്ങളും പങ്കാളിത്തം ഉറപ്പാക്കണമെന്ന ആഹ്വാനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. രാമക്ഷേത്ര നിര്‍മാണത്തിനായി ജാര്‍ഖണ്ഡിലെ ഓരോ വീട്ടില്‍ നിന്നും ഒരു ഇഷ്ടികയും 11 രൂപയും സംഭാവന നല്‍കണമെന്ന് യോഗി ആദിത്യനാഥ് നിർദ്ദേശിച്ചു. വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്താണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. "അയോധ്യയില്‍ താമസിയാതെ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കും. ജാര്‍ഖണ്ഡിലെ ഓരോ വീട്ടില്‍ നിന്നും 11 രൂപയും ഒരു ഇഷ്ടികയും സംഭാവനയായി നൽകാൻ ഞാൻ അഭ്യർത്ഥിക്കുന്നു"- യോഗി ആദിത്യനാഥ് പറഞ്ഞു. 

സമൂഹം നല്‍കുന്ന സംഭാവനയിലാണ് രാമരാജ്യം പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യാതൊരു വിധത്തിലുള്ള വിവേചനങ്ങളുമില്ലാതെ സമൂഹത്തിന്റെ എല്ലാ കോണിലും വികസനം എത്തുമ്പോഴാണ് അതിനെ രാമരാജ്യം എന്ന് പറയുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അയോധ്യയിലെ തർക്കഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിന് നവംബർ 9നാണ് സുപ്രീം കോടതി അനുമതി നൽകിയത്. 

click me!