
ഹൈദരാബാദ്: പീഡനത്തിൽനിന്നു രക്ഷപ്പെടാൻ ഓടുന്ന വാനില്‍ നിന്നു ചാടിയ ഗർഭിണി മരിച്ചു. തെലങ്കാനയിലെ മെഡക് ജില്ലയിലാണ് സംഭവം. മുപ്പതിയഞ്ചുകാരിയായ യുവതിക്കാണു ദുരനുഭവമുണ്ടായത്. ഹൈദരാബാദ്-നാഗപൂര്‍ ദേശീയ പാതയില്‍ കോപാലിയിൽനിന്നു വസ്ത്രവിൽപ്പനക്കാരിയായ യുവതി വീട്ടിലേക്കു മടങ്ങി വരുമ്പോഴാണു യുവതിക്കുനേരെ അതിക്രമം ഉണ്ടായത്.
ബസ് കിട്ടാത്തതിനെ തുടർന്നാണ് ഏഴുമാസം ഗർഭിണിയായ യുവതിയും ഏഴുവയസ്സുകാരി മകളും വാനിൽ കയറിയത്. യാത്രയ്ക്കിടെ ടോൾ പ്ലാസയിൽ ടോൾ നൽകാൻ ഡ്രൈവർ യുവതിയോട് ആവശ്യപ്പെട്ടു. ഇതിനു തയാറാകാതിരുന്നപ്പോഴാണ് ഡ്രൈവറും ക്ലീനറും ചേർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചതെന്നാണു റിപ്പോർട്ട്. വാൻ ഒരു കിലോമീറ്ററോളം മൂന്നോട്ടുപോയ സമയമത്രയും ഇരുവരും പീഡിപ്പിച്ചു. പ്രതിരോധിക്കുന്നതിനിടെ യുവതി വാനിൽനിന്ന് പുറത്തേക്കു ചാടുകയായിരുന്നു. പിന്നാലെ ഡ്രൈവർ മകളെ വാഹനത്തിൽനിന്ന് ഇറക്കിവിട്ടു.
കരച്ചിൽകേട്ട് സ്ഥലത്തെത്തിയ പ്രദേശവാസികളാണു വിവരം പൊലീസിനെ അറിയിച്ചത്. എന്താണു സംഭവിച്ചതെന്നു പറയാൻ പറ്റിയ അവസ്ഥയിലല്ല മകളെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും സിഐ ലിങ്കേശ്വർ റാവു പറഞ്ഞു. യുവതി തന്റെ ബാഗുകൾ വലിച്ചെറിയുന്നതും ചാടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വാഹനം നിർത്തുന്നതും പിന്നീട് വീണ്ടും യാത്ര ആരംഭിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഡ്രൈവറെയും ക്ലീനറെയും പിടികൂടാതെ വാനിൽ നടന്നതെന്താണെന്നു പറയാനാകില്ലെന്നു പൊലീസ് അറിയിച്ചു. സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയെത്തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam