യെമന്‍ മുന്‍ പ്രസിഡന്‍റ് അലി അബ്ദുള്ള സലേ കൊല്ലപ്പെട്ടു

By Web DeskFirst Published Dec 4, 2017, 11:24 PM IST
Highlights

ദില്ലി: യെമൻ മുൻ പ്രസിഡന്‍റ് അലി അബ്ദുള്ള സലേ കൊല്ലപ്പെട്ടു. ഹൂതി വിമതരുടെ ടെലിവിഷൻ ചാനലാണ് വാർത്ത റിപ്പോട്ട് ചെയ്തത്. സലേയുടെ മൃതദേഹം വലിച്ചിഴക്കുന്ന ദൃശ്യങ്ങളും ഹുതികൾ പുറത്തുവിട്ടു. മുൻ സഖ്യകക്ഷികളായ ഹുതികളുമായുള്ള ഏറ്റുമുട്ടലിലാണ് സലേ കൊല്ലപ്പെട്ടതെന്നാണ് റിപ്പോട്ട്. ചതിയൻമാരുടെ നേതാവിനെ കൊന്നു എന്നാണ് ഹൂതി വിമതരെ ഉദ്ധരിച്ച് ചാനൽ റിപ്പോർട്ട് ചെയ്തത്.

സലേയുടെ പാർട്ടി നേതാക്കൾ മരണം സ്ഥിരീകരിച്ചതായി അൽ അറേബ്യ ടെലിവഷിനും റിപ്പോർട്ട് ചെയ്യുന്നു. നിലവിലെ പ്രസിഡന്‍റ് ഹാദിയുടെ സൈന്യത്തിനെതിരായി ഹൂതി വിമതർക്കൊപ്പം യുദ്ധം ചെയ്തിരുന്ന സലേ കഴിഞ്ഞയാഴ്ച ഹൂതി സഖ്യം ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് എതിർപക്ഷത്തെ സൗദി സഖ്യവുമായി ചർച്ചക്ക് തയ്യാറെന്നും പ്രഖ്യാപിച്ചു.

ഹൂതികൾക്കും അവരെ പിന്തുണക്കുന്ന ഇറാനും സലേയുടെ നടപടി കനത്ത തിരിച്ചടിയായിരുന്നു. അതോടെ സലേയുമായി ഹൂതികൾ യുദ്ധം പ്രഖ്യാപിച്ചു. സൗദിയിൽ താമസമാക്കിയ മകനെ രാജ്യത്തിന്‍റെ പ്രസിഡന്‍റാക്കാന്‍ വേണ്ടിയാണ് സലേ കൂറുമാറിയതെന്ന് ഹൂതികൾ ആരോപിച്ചിരുന്നു. ആഭ്യന്തര കലാപത്തെതുടര്‍ന്ന് വൈസ്പ്രസിഡന്‍റായിരുന്ന ഹാദിയെ സലേ അധികാരമേല്‍പ്പിച്ചത് 2012 ലാണ്.

തുടര്‍ന്ന് 2015 മുതൽ ഹുതികൾക്കൊപ്പം ചേർന്ന് ഹാദിക്കെതിരായി യുദ്ധം ചെയ്യുകയായിരുന്നു സലേ. സൗദി സഖ്യം ഇടപെട്ടതോടെ രൂക്ഷമായ യുദ്ധത്തിൽ ഇതുവരെ 9000ത്തോളം പേർ കൊല്ലപ്പെടുകയും 20 ലക്ഷത്തിലധികം പേർ അഭയാർത്ഥികളാവുകയും ചെയ്തു എന്നാണ് കണക്ക്.

click me!