മുത്തലാഖ് ബില്‍ പാസാക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് രാഷ്ട്രപതി

By Web DeskFirst Published Jan 29, 2018, 11:56 AM IST
Highlights

ദില്ലി: മുത്തലഖ് നിരോധന ബിൽ പാര്‍ലമെന്‍റ് പാസാക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് തന്‍റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ ആവശ്യപ്പെട്ടു. ലോക്സഭ-നിയമസഭ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചുനടത്താൻ ചര്‍ച്ചകൾ ഉടൻ തുടങ്ങണമെന്നും രാഷ്ട്രപതി നിര്‍ദ്ദേശിച്ചു. ഭരണഘടന മാറ്റിയെഴുതാനാനുള്ള നീക്കത്തിൻറെ ഭാഗമാണ് തെരഞ്ഞെടുപ്പ് ഒന്നിച്ചു നടത്താനുള്ള നിർദ്ദേശമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

സാമൂഹ്യ നീതിയും പുതിയൊരു സാമൂഹ്യക്രമവും ഉറപ്പാക്കാൻ ഈ സര്‍ക്കാരിന് കഴിഞ്ഞുവെന്ന് രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. സ്വാര്‍ത്ഥ രാഷ്ട്രീയ ലക്ഷ്യങ്ങളാണ് ഇതുവരെ മുസ്ളീം സ്ത്രീകളുടെ അന്തസിന് തടസ്സമായതെന്ന് രാഷ്ട്രപതി കുറ്റപ്പെടുത്തി. മുസ്ളീം സ്ത്രീകൾക്ക് ഹജ്ജിന് പോകാനുള്ള നിബന്ധനയിൽ ഇളവ് നൽകിയെന്ന് പറഞ്ഞ രാഷ്ട്രപതി ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കിയതിനെ കുറിച്ച് പരാമര്‍ശിച്ചില്ല. 2018 ഇന്ത്യയുടെ വളർച്ചയ്ക്ക് നിർണ്ണായക വർഷമെന്ന് രാഷ്ട്രപതി പറഞ്ഞു. അഴിമതിക്കെതിരെ സര്‍ക്കാര്‍ ശക്തമായി നീങ്ങും. മൂന്ന് ലക്ഷം വ്യാജ കമ്പനികളുടെ അംഗീകാരം ഇതിനകം റദ്ദാക്കി. ജമ്മുകശ്മീരിൽ ചര്‍ച്ച ആഗ്രഹിക്കുന്നവരുടെ അഭിപ്രായങ്ങൾ അറിയാൻ സര്‍ക്കാര്‍ ശ്രമിക്കും. ലോക്സഭ നിയമസഭ തെര‍‍ഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്താനുള്ള നീക്കം സര്‍ക്കാര്‍ ശക്തമാക്കുമെന്നും എന്ന സൂചനയും രാഷ്ട്രപതി നൽകി.

മുത്തലാഖ് ബില്ല് പാസാക്കണമെന്ന അഭ്യര്‍ത്ഥന പ്രധാനമന്ത്രിയും മുന്നോട്ടുവെച്ചു. അതേസമയം ഭരണഘടന മാറ്റിയെഴുതാനുള്ള ഗൂഡലക്ഷ്യമാണ് തെരഞ്ഞെടുപ്പ് ഒന്നിച്ച് നടത്തണമെന്ന നിർദ്ദേശത്തിൽ പ്രകടമാകുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. വിവാദം ഒഴിവാക്കാൻ രാഹുൽ ഗാന്ധിക്ക് മുൻനിരയിൽ തന്നെ ഇരിപ്പിടം നൽകിയിരുന്നു.
 

click me!