ചലച്ചിത്ര പുരസ്കാര വിവാദങ്ങളിൽ രാഷ്ട്രപതിക്ക് അതൃപ്തി

By Web deskFirst Published May 5, 2018, 9:54 AM IST
Highlights
  • പുരസ്കാരചടങ്ങിൽ ഒരു മണിക്കൂർ മാത്രമേ താൻ പങ്കെടുക്കൂ എന്ന് മാർച്ചിൽ തന്നെ വാർത്താവിതരണ മന്ത്രാലയത്തെ അറിയിച്ചിരുന്നു

ദില്ലി: ദേശീയ ചലച്ചിത്ര അവാർഡ് വിവാദത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അതൃപ്തി. തന്റെ അതൃപ്തി അദ്ദേഹം പ്രധാനമന്ത്രിയുടെ ഓഫീസിനെ ഔദ്യോ​ഗികമായി അറിയിച്ചു. പുരസ്കാരചടങ്ങിൽ ഒരു മണിക്കൂർ മാത്രമേ പങ്കെടുക്കൂ എന്ന് മാർച്ചിൽ തന്നെ വാർത്താവിതരണ മന്ത്രാലയത്തെ അറിയിച്ചിരുന്നു. എന്നിട്ടും അതിനെ അവസാനനിമിഷമാറ്റമായി അവതരിപ്പിച്ചതിലാണ് രാഷ്ട്രപതിക്ക് അതൃപ്തി. 

പ്രോട്ടോകോൾ ചട്ടപ്രകാരം ഇത്തരം ചടങ്ങുകളിൽ ഒരു മണിക്കൂറിലേറെ സമയം പങ്കെടുക്കാൻ രാഷ്ട്രപതിക്ക് നിയന്ത്രണങ്ങളുണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് അവാർഡ് ദാനചടങ്ങിൽ ഒരു മണിക്കൂറേ പങ്കെടുക്കൂ എന്ന് രാഷ്ട്രപതിയുടെ ഓഫീസ് കേന്ദ്ര വാർത്തവിതരണ മന്ത്രാലയത്തെ അറിയിച്ചത്. 

എന്നാൽ ഇക്കാര്യം രഹസ്യമാക്കി വച്ച മന്ത്രാലയം അവാർഡ് ദാനചടങ്ങിന്റെ തലേന്ന് മാത്രം ഇക്കാര്യം പുറത്തുവിട്ടതാണ് അനാവശ്യവിവാദങ്ങൾക്ക് കാരണമായതെന്നാണ് രാഷ്ട്രപതിയുടെ ഓഫീസ് വിലയിരുത്തുന്നത്.
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അടുത്ത വർഷം മുതൽ ദാദാ സാഹിബ്ഫാൽക്കെ അവാർഡ് മാത്രം രാഷ്ട്രപതി വിതരണം ചെയ്താൽ മതിയെന്ന പരിഷ്കാരം കൊണ്ടു വരാനും ഇപ്പോൾ ആലോചനയുണ്ട്. സാധാരണ വിജ്ഞാൻ ഭവനിൽ നടക്കുന്ന പുരസ്കാരദാനചടങ്ങ് രാഷ്ട്രപതി ഭവനിലേക്ക് മാറ്റണമെന്നടക്കമുള്ള നിർദേശങ്ങൾ രാംനാഥ് കോവിന്ദിന്റെ ഓഫീസ്  നൽകിയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. 

click me!