ആറ് പഞ്ചായത്തുകളിലെ പ്രസിഡന്‍റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. മുന്നണികളിലെ തർക്കത്തെ തുടർന്നും ക്വാറം തികയാത്തതിനെ തുടർന്നും മാറ്റിവെച്ച തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുക

തിരുവനന്തപുരം: ആറ് പഞ്ചായത്തുകളിലെ പ്രസിഡന്‍റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. പലയിടത്തും മുന്നണികളിലെ ആഭ്യന്തര തർക്കങ്ങൾ പരിഹരിച്ചതിനാൽ ഇന്ന് വോട്ടെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷ. ആലപ്പുഴ വീയപുരത്ത് പട്ടിക ജാതി വനിത അംഗമില്ലാത്തതിനാൽ ഭൂരിപക്ഷമുണ്ടെങ്കിലും യുഡിഎഫിന് പ്രസിഡന്‍റ് സ്ഥാനം ലഭിക്കില്ല. മുന്നണികളിലെ തർക്കത്തെ തുടർന്നും ക്വാറം തികയാത്തതിനെ തുടർന്നും മാറ്റിവെച്ച തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുക. ആലപ്പുഴയിൽ നെടുമുടി, വീയപുരം പഞ്ചായത്തുകളിലായിരുന്നു തെരഞ്ഞെടുപ്പ് മാറ്റി വെച്ചത്. നെടുമുടി പഞ്ചായത്തിൽ പാർട്ടി തീരുമാനിച്ച പ്രസിഡന്‍റ് സ്ഥാനാർത്ഥിയെ സിപിഎം അംഗങ്ങൾ എതിർക്കുകയും തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയും ചെയ്തതോടെയാണ് തെരഞ്ഞെടുപ്പ് മാറ്റിവച്ചത്. പിന്നാലെ സിപിഎം ജില്ലാ നേതൃത്വം ഇടപെട്ട് ഇടഞ്ഞു നിൽക്കുന്നവരെ അനുനയിപ്പിച്ച്‌ പ്രശ്നം പരിഹരിച്ചിട്ടുണ്ട്. പട്ടിക ജാതി വനിതാ സംവരണമുള്ള വീയപുരത്ത് ഭൂരിപക്ഷം യുഡിഎഫിനാണ്. എന്നാൽ, യുഡിഎഫിലെ സ്ഥാനാർത്ഥി വാർഡിൽ പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പിൽ നിന്ന് യുഡിഎഫ് വിട്ടുനിന്നതോടെയാണ് ഇന്നത്തേക്ക് മാറ്റിയത്. ഇന്നത്തെ തെരഞ്ഞെടുപ്പിലും യുഡിഎഫ് അംഗങ്ങൾ പങ്കെടുക്കില്ല. പങ്കെടുക്കുന്ന അംഗങ്ങളിൽ നിന്ന് വോട്ടെടുപ്പ് നടത്തി ഭൂരിപക്ഷമുള്ളയാളെ പ്രസിഡന്‍റാക്കും. ഇതോടെ അഞ്ച് അംഗങ്ങളുള്ള എൽഡിഎഫിനാകും പ്രസിഡന്‍റ് സ്ഥാനം. 

കാസർകോട് പുല്ലൂർ - പെരിയ പഞ്ചായത്തിൽ പ്രസിഡന്‍റ് സ്ഥാനത്തെ ചൊലിയുള്ള തർക്കത്തെ തുടർന്ന് യുഡിഎഫ് അംഗങ്ങള്‍ വിട്ടുനിന്നതോടെയാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. പിന്നാലെ പ്രശ്നം പരിഹരിച്ചു. യുഡിഎഫിന്‍റെ ഔദ്യോഗിക പ്രസിഡന്‍റ് സ്ഥാനാർത്ഥിയായി ഉഷ എൻ നായർ മത്സരിക്കും. യുഡിഎഫിനും എൽഡിഎഫിനും ഒൻപത് അംഗങ്ങൾ വീതവും എൻഡിഎയ്ക്ക് ഒരു അംഗവുമാണുള്ളത്. ഡോ. സബിതയാണ് എൽഡിഎഫിന്‍റെ പ്രസിഡന്‍റ് സ്ഥാനാർഥി. 24 സീറ്റുകളുള്ള എറണാകുളം വെങ്ങോല പഞ്ചായത്തിൽ എല്‍ഡിഎഫും ട്വന്‍റി ട്വന്‍റിയും വിട്ടു നിന്നിരുന്നു. യുഡിഎഫിന് ഒമ്പതും എൽഡിഎഫിന് എട്ടും 2020 ക്ക് ആറ് സീറ്റും എസ്ഡിപിഐക്ക് ഒരു സീറ്റുമാണുള്ളത്. മലപ്പുറം തിരുവാലി പഞ്ചായത്തിൽ യുഡിഎഫ് അംഗങ്ങളാണ് വിട്ടു നിന്നത്. 19 അംഗ ഭരണസമിതിയിൽ യുഡിഎഫിന് 11 ഉം എൽഡിഎഫിന് 7ഉം അംഗങ്ങളാണുള്ളത്. .നാലംഗങ്ങളുള്ള മുസ്ലീം ലീഗ് രണ്ടര വർഷം പ്രസിഡന്‍റ് സ്ഥാനം ആവശ്യപെട്ടതാണ് തർക്കത്തിനു കാരണം. പിന്നീട് നടത്തിയ ചർച്ചയിൽ ലീഗിന് വൈസ് പ്രസിഡന്‍റ് സ്ഥാനത്തിനൊപ്പം ഒരു സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം കൂടി നൽകാൻ സമവായമായി. സി.പി.എമ്മിന്‍റെ ശക്തി കേന്ദ്രമായ തിരുവാലി പഞ്ചായത്തിൽ ഏറെക്കാലത്തിനുശേഷമാണ് യു.ഡി.എഫിന് ഭരണം ലഭിക്കുന്നത്.

എറണാകുളം ജില്ലാ യുഡിഎഫ് യോഗം ഇന്ന്

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമുള്ള എറണാകുളം ജില്ല യുഡിഎഫ് യോഗം ഇന്ന് നടക്കും. രാവിലെ 11ന് ഡിസിസി ഓഫീസില്‍ ചേരുന്ന യോഗത്തില്‍ നഗരസഭകളിലേക്കുള്ള സ്ഥിരം സമിതി അംഗങ്ങളെ തീരുമാനിക്കുന്നതില്‍ ചര്‍ച്ച നടക്കും. കോര്‍പറേഷനിൽ ഡെപ്യൂട്ടി മേയര്‍ സ്ഥാനം ലഭിക്കാത്തതിനെ തുടര്‍ന്ന് മുസ്ലിം ലീഗിനുണ്ടായ അതൃപ്തിയും ചര്‍ച്ചയാകും. ഉച്ചയ്ക്ക് ശേഷം കോണ്‍ഗ്രസ് കോര്‍ കമ്മിറ്റിയോഗവും ചേരുന്നുണ്ട്. കോര്‍പ്പറേഷനിലെ സ്ഥിരം സമിതി അംഗങ്ങളുടെ കാര്യത്തില്‍ കോര്‍ കമ്മിറ്റിയിൽ ധാരണയുണ്ടാക്കും. കെപിസിസി മാനദണ്ഡം ലംഘിച്ചാണ് മേയറെ തീരുമാനിച്ചതെന്ന ദീപ്തി മേരി വര്‍ഗീസിന്‍റെ പരാതിയും കോര്‍ കമ്മറ്റിയിൽ ചര്‍ച്ച ചെയ്യും.

YouTube video player