
ജലന്ധര്‍: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ വൈദികനെ മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല പള്ളിപ്പുറം സ്വദേശി ഫാ.കുര്യാക്കോസ് കാട്ടുതറയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജലന്ധറിനടുത്ത് ദസ്‍വ എന്നയിടത്തെ ചാപ്പലിലാണ് വൈദികൻ താമസിച്ചിരുന്നത്. വൈദികന്‍റെ മുറി അടച്ചിട്ട നിലയിലായിരുന്നു. രാവിലെയായിട്ടും വൈദികൻ മുറി തുറക്കാതിരുന്നതിനെത്തുടർന്ന് മറ്റുള്ളവരെത്തി. പല തവണ വിളിച്ചിട്ടും തുറക്കാതിരുന്നപ്പോൾ വാതിൽ പൊളിച്ചാണ് അകത്ത് കടന്നത്. തുടർന്നാണ് ഫാ.കുര്യാക്കോസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വൈദികന്‍റെ മൃതദേഹം ദസ്‍വ ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.
കന്യാസ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഫാ. കുര്യാക്കോസ് കാട്ടുതറ പരാതി നൽകിയിരുന്നു. കന്യാസ്ത്രീയ്ക്ക് നീതി വേണമെന്നും ബിഷപ്പ് ഫ്രാങ്കോയെ അന്വേഷണവിധേയമായി മാറ്റി നിർത്തണമെന്നാവശ്യപ്പെട്ട് വത്തിക്കാനും മാർപാപ്പയ്ക്കും പരാതി നൽകിയവരിൽ ഫാദർ കുര്യാക്കോസ് ഉണ്ടായിരുന്നു. കന്യാസ്ത്രീയുടെ പരാതി വിവാദമായപ്പോൾ കഴിഞ്ഞ മെയ് മാസം ഫാ.കുര്യാക്കോസിനെ സ്ഥലം മാറ്റിയിരുന്നു. കന്യാസ്ത്രീകളുടെ സമരത്തിന് തുറന്ന പിന്തുണയുമായി രംഗത്തെത്തിയ ഫാദർ കുര്യാക്കോസിന് നിരവധി ഭീഷണികളുണ്ടായിരുന്നെന്ന് മുമ്പും പറഞ്ഞിരുന്നു.
ചാപ്പലിൽ ഫാദർ കുര്യാക്കോസിന് ഭീഷണിയുണ്ടെന്നും വധഭീഷണി മുഴക്കി ഫോൺകോളുകൾ വന്നിരുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഭീഷണികൾ ശക്തമായ സാഹചര്യത്തിൽ ഒരു ഘട്ടത്തിൽ സമരത്തിൽ നിന്ന് ഫാദർ പിൻവാങ്ങുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ബന്ധുക്കളും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam