ഓഖി ദുരന്തം വിലയിരുത്താൻ പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍

By Web DeskFirst Published Dec 19, 2017, 6:33 AM IST
Highlights

ഓഖി ദുരിത ബാധിതരെ നേരിട്ട് കാണാന്‍  പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. ലക്ഷദ്വീപ് സന്ദ‍ർശനത്തിന് ശേഷമാണ് പ്രധാനമന്ത്രി എത്തുന്നത്. 3500 കോടി രൂപയുടെ പുനരധിവാസ പാക്കേജ് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്ന് ലത്തീൻ അതിരൂപത അറിയിച്ചു.

ഓഖിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന മുറവിളിക്കിടെ പ്രധാനമന്ത്രിയെത്തുന്നു.  ഓഖി ദുരിത ബാധിതർക്ക് ഇതുവരെയും കേന്ദ്രസഹായം പ്രഖ്യാപിച്ചിട്ടുമില്ല.   ആവര്‍ത്തിച്ചുള്ള ആവശ്യത്തിന് ശേഷമാണ് ദുരിതം നേരിട്ട് വിലയിരുത്താൻ പ്രധാനമന്ത്രിയെത്തുന്നത്.  കന്യാകുമാരിയിലേയും കേരളത്തിലെയും തീരദേശമേഖലകൾ ഒഴിവാക്കിയായിരുന്നു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം തീരുമാനിച്ചതെങ്കിലും എതിര്‍പ്പുകളെ തുടര്‍ന്ന് അവസാന നിമിഷം മാറ്റി .ഒന്ന് അൻപതിന് ലക്ഷദ്വീപിലെ അഗത്തിയിൽ നിന്ന് തിരുവനന്തപുരത്തെത്തുന്ന മോദി ആദ്യം  കന്യാകുമാരിക്ക് പോകും. തമിഴ്‍നാട്ടിലെ റവന്യൂ ഉദ്യോഗസ്ഥരെയും ദുരിതബാധിതരുടെ കുടുംബാംഗങ്ങളെയും നേരിൽകണ്ട് ആഘാതം വിലയിരുത്തും.  നാല് നാൽപ്പതിന് തിരിച്ചെത്തുന്ന പ്രധാനമന്ത്രി പൂന്തുറയിലേക്ക് . സെന്റ് തോമസ് സ്‍കൂളിൽ  പത്ത് മിനിറ്റ് ചെലവിഴിക്കുന്ന മോദി തീരദേശവാസികളുമായി സംസാരിക്കും. തുടർന്ന് തൈക്കാട് ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയും മന്ത്രിമാരും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുമായി കൂടിക്കാഴ്‍ച. ആറ് അഞ്ചിന് ദില്ലിക്ക് മടങ്ങും. ദുരന്തത്തിന്റെ വ്യാപ്‍തി അവതരിപ്പിക്കാൻ ദൃശ്യാവതരണം അടക്കമുള്ള കാര്യങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കുന്നത്. കേന്ദ്രസഹായം അടിയന്തരമായി ലഭ്യമാക്കണമെന്ന ആവശ്യവും സംസ്ഥാനം മുന്നോട്ട് വയ്‍ക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ വരവിന് മുന്നോടിയായി കര്‍ശന സുരക്ഷാ സംവിധാനമാണ് തലസ്ഥാനത്തൊരുക്കിയിട്ടുള്ളത്. അതേസമയം 3500 കോടി രൂപയുടെ പുനരധിവാസ പാക്കേജ് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്ന് ലത്തീൻ രൂപത അറിയിച്ചു. ദേശീയ തലത്തിൽ സര്‍വ്വ കക്ഷിയോഗം വിളിക്കാൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും ലത്തീൻ അതിരൂപത അറിയിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കർശന സുരക്ഷയാണൊരുക്കിയിരിക്കുന്നത്.

click me!