
പത്തനംതിട്ട: ആന്ധ്രാ പ്രദേശില്‍ നിന്ന് ശബരിമല ദര്‍ശനത്തിനെത്തിയതാണ് ലോകേഷ് എന്ന ഒന്‍പതു വയസുകാരന്‍. തന്‍റെ അച്ഛനും ബന്ധുക്കളും അടങ്ങിയ 50 അംഗ സംഘത്തോടൊപ്പം അയ്യപ്പനെ കണ്ട് അരവണയും അപ്പവും വാങ്ങി മലയിറങ്ങുമ്പോള്‍ നിറഞ്ഞ സന്തോഷം പമ്പയില്‍ ഒലിച്ച് പോകുമെന്ന് ആരും സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. പമ്പയില്‍ കുളിക്കാനിറങ്ങിയ ലോകേഷ് മണല്‍ കോരിയ കുഴികളിലൊന്നില്‍ മുങ്ങിത്താഴ്ന്നു. പ്രളയം ബാക്കിയാക്കിയ പമ്പയിലെ കുഴിയില്‍ നിന്നും ലോകേഷിനെ പിതാവും സുഹൃത്തുക്കളും ചേര്‍ന്ന് രക്ഷിച്ചെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പമ്പയിലെ ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി പ്രിന്‍സ് പാങ്ങാടനാണ് ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ സംഘം അനുഭവിക്കുന്ന വേദനയെക്കുറിച്ച് തന്‍റെ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഇനിയാ മൃതദേഹവുമായി ആ അച്ഛൻ രണ്ട് ദിവസം യാത്ര ചെയ്യണം. നാട്ടിലെത്തി അവിടെ കാത്തിരിക്കുന്ന ലോകേഷിന്റെ അമ്മയെ എങ്ങനെ സമാധാനിപ്പിക്കും.എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും.നോക്കിയില്ലല്ലോ എന്ന കുറ്റപ്പെടുത്തലുകളും മനോവേദനയും അയാൾക്ക് എത്ര കാലത്തെ സമാധാനം നഷ്ടപ്പെടുത്തും- പ്രിന്‍സ് ഫേസ്ബുക്കില്‍ കുറിച്ചു.
ലോകേഷിനെ ഉടനെ പമ്പയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കര്‍ഷകനാണ് ലേകേഷിന്‍റെ പിതാവ് നാരായണ റാവു. പമ്പയിലെ ആശുപത്രിയിൽ ലോകേഷ് അകത്ത് മരണത്തോട് മല്ലിടുമ്പോള്‍ നിസ്സഹായനായി നാരായണ റാവും പുറത്തുണ്ടായിരുന്നു. ഒടുവില്‍ ഒറ്റമകന്‍റെ ജീവന്‍ നിലയ്ക്കുമ്പോഴും ആ പിതാവിന് നിസ്സഹായനായി ഇരിക്കാനേ സാധിച്ചൊള്ളൂ. ഒടുവിൽ മൊഴി രേഖപ്പെടുത്തിയ സർക്കാർ കടലാസിൽ പേരെഴുതി ഒപ്പിട്ട് അയാൾ മകനെ ഏറ്റുവാങ്ങി, പോസ്റ്റുമോർട്ടത്തിനായി ആംബുലൻസിൽ പത്തനംതിട്ടയിലേക്ക് പോയി. ഇനി രണ്ട് ദിവസം യാത്ര ചെയ്താലേ നാരായണന് മകന്‍റെ മൃതദേഹവുമായി നാട്ടിലെത്താനാവൂ.
പ്രിന്‍സ് പാങ്ങാടന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം
ഈ മനുഷ്യനെയും ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന 50 മനുഷ്യരെയും ഇനിയൊരിക്കലും ഞാൻ കാണില്ല.
ആന്ധ്രയിൽ നിന്ന് രണ്ട് മൂന്ന് ദിവസം യാത്ര ചെയ്ത് മലകയറി അയ്യപ്പനെ തൊഴുത് തിരികെ പമ്പയിലെത്തും വരെ ഇവർക്ക് എത്ര സന്തോഷമായിരുന്നിരിക്കാം.
തിരികെ പോകും മുൻപ് ഒന്നുകൂടി പമ്പയിൽ കുളിക്കാനിറങ്ങിയതാണ് സംഘം.തിരികെ കയറുമ്പോൾ ഒരാളില്ല.9 വയസുകാരൻ ലോകേഷ്.അവൻ പമ്പയിൽ മുങ്ങിത്താണു പോയി.പ്രളയം ബാക്കിയാക്കിയ പമ്പാ നദിയിൽ നിന്ന് മണൽ കോരി കരയിലിട്ടിരുന്നു.ആ കുഴികളിലൊന്നിലാണ് ആ 9 വയസുകാരൻ മുങ്ങിത്താന്നത്.
നാരായണറാവുവെന്ന കൃഷിക്കാരനായ അച്ഛൻ പമ്പയിലെ ആശുപത്രിയിൽ നിസ്സഹായനായി ഇരിക്കുമ്പോളെല്ലാം ലോകേഷ് അകത്ത് മരണത്തോട് മത്സരിക്കുകയായിരുന്നു.ഒടുവിൽ ആ കുഞ്ഞുഹൃദയം നിലച്ചു.നാരായണറാവുവിന്റെ ഒറ്റ മകനെ പമ്പാനദി കൊണ്ടുപോയി.
ഇനിയാ മൃതദേഹവുമായി ആ അച്ഛൻ രണ്ട് ദിവസം യാത്ര ചെയ്യണം. നാട്ടിലെത്തി അവിടെ കാത്തിരിക്കുന്ന ലോകേഷിന്റെ അമ്മയെ എങ്ങനെ സമാധാനിപ്പിക്കും.എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും.നോക്കിയില്ലല്ലോ എന്ന കുറ്റപ്പെടുത്തലുകളും മനോവേദനയും അയാൾക്ക് എത്ര കാലത്തെ സമാധാനം നഷ്ടപ്പെടുത്തും.
ഒടുവിൽ മൊഴി രേഖപ്പെടുത്തിയ സർക്കാർ കടലാസിൽ പേരെഴുതി ഒപ്പിട്ട് അയാൾ മകനെ ഏറ്റുവാങ്ങി, പോസ്റ്റുമോർട്ടത്തിനായി ആംബുലൻസിൽ പത്തനംതിട്ടയിലേക്ക് പോയി.
ലോകേഷ് വാങ്ങിയ അരവണയും പ്രസാദവുമൊക്കെ ഇനി എന്ത് ചെയ്യും.കൂട്ടുകാർക്ക് അരവണ കൊണ്ടുവരാമെന്ന് പറഞ്ഞാവില്ലേ അവൻ നാട്ടിൽ നിന്ന് പോന്നിട്ടുണ്ടാവുക.
അവനൊപ്പം കളിച്ചു നടന്ന മൂന്ന് കുട്ടികൾ പമ്പയിലെ ആശുപത്രിയുടെ ഒരു മൂലയ്ക്ക് സങ്കടപ്പെട്ടിരിപ്പുണ്ടായിരുന്നു.
ഈ മനുഷ്യനെ മറന്നു പോകില്ലെന്നല്ല,
പക്ഷെ പമ്പയിലെത്തുമ്പോളൊക്കെ നാരായണറാവുവിനെ ഓർക്കും.
നിസ്സഹായനായ അച്ഛന്റെ കണ്ണീരിനെ ഓർക്കും
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam