റാഗിംഗിന് പരാതി നല്‍കി; പ്രിന്‍സിപ്പല്‍ നടപടിയെടുക്കുന്നില്ലെന്ന് ആരോപണം

By Web TeamFirst Published Sep 7, 2018, 11:35 PM IST
Highlights

ഓഗസ്റ്റ് രണ്ടിന് കോളജിൽ പ്രവേശനം നേടിയ ദിവസം മുതൽ സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി റാഗ് ചെയ്യുന്നതായി സുഹൈൽ പറയുന്നു. 14ന് ഇത് സംബന്ധിച്ച് പരാതി നൽകി.

കോഴിക്കോട്: സീനിയർ വിദ്യാർഥികൾ റാഗ് ചെയ്തതായി രേഖാ മൂലം പരാതി നൽകിയിട്ടും നടപടിയെടുക്കാൻ പ്രിൻസിപ്പൽ തയ്യാറാകുന്നില്ലെന്ന് ആരോപണം. കോഴിക്കോട് മേപ്പയ്യൂർ എവി അബ്ദുറഹിമാൻ ഹാജി ആർട്സ് ആന്‍റ് സയൻസ് കോളജിലെ ഒന്നാം വർഷ ബികോം വിദ്യാർത്ഥി മുഹമ്മദ് സുഹൈലാണ് പരാതിക്കാരൻ.

നടപടി ആവശ്യപ്പെട്ട് സുഹൈൽ വടകര എസ്പിക്കും കാലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസലർക്കും പരാതി നൽകി. ഓഗസ്റ്റ് രണ്ടിന് കോളജിൽ പ്രവേശനം നേടിയ ദിവസം മുതൽ സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി റാഗ് ചെയ്യുന്നതായി സുഹൈൽ പറയുന്നു. 14ന് ഇത് സംബന്ധിച്ച് പരാതി നൽകി.

ഓണാവധിക്ക് ശേഷം കോളജ് തുറന്നിട്ടും നടപടി ഉണ്ടായില്ല. റാഗ് ചെയ്ത വിദ്യാർത്ഥികളെ പ്രിൻസിപ്പൽ സംരക്ഷിക്കുകയാണെന്ന് സുഹൈൽ പറയുന്നു. റാഗിംഗ് നടന്ന് 24 മണിക്കൂറിനകം കോളജ് മേധാവി പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കണം.

എന്നാൽ, അറിയിപ്പ് കിട്ടിയില്ലെന്ന് പയ്യോളി പൊലീസ് പറയുന്നു. സുഹൈലിന്‍റെ പരാതി അന്വേഷിച്ച് അടുത്ത ദിവസം തന്നെ നടപടി എടുക്കുമെന്ന് വൈസ് ചാൻസലർ പറഞ്ഞു. അതേസമയം, കോളജിൽ റാഗിംഗ് നടന്നിട്ടില്ലെന്ന് ആന്‍റി റാഗിഗ് സമിതി നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ടെന്നാണ് കോളജ് അധികൃതരുടെ വിശദീകരണം.

click me!