
ബംഗലൂരു: വിഷുവും ഈസ്റ്ററും ഒന്നിച്ചെത്തിയത് മുതലെടുത്തത് സ്വകാര്യ ബസുകൾ ബംഗലൂരുവിൽ നിന്നുളള ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി.കെഎസ്ആർടിയും കർണാടക ആർടിസിയും പ്രഖ്യാപിച്ച സ്പെഷ്യൽ സർവീസുകളിൽ ടിക്കറ്റ് തീർന്നതോടെ സ്വകാര്യ ബസുകൾക്ക് അന്യായ തുക നൽകേണ്ട ഗതികേടിലാണ് മലയാളികൾ.തെക്കൻ കേരളത്തിലേക്ക് സ്പെഷ്യൽ സർവീസുകൾ കുറവായതും സ്വകാര്യ ബസുകൾക്ക് ചാകരയായി.
വിഷുവും ഈസ്റ്ററും ആഘോഷിക്കാൻ നാട്ടിലെത്താനുളള തിരക്ക്.ട്രെയിൻ ടിക്കറ്റ് കണ്ണടച്ചുതുറക്കും മുമ്പേ തീർന്നു.സ്ഥിരം ബസ് സർവീസുകളിലെ ടിക്കറ്റുകൾ ഒരു മാസം മുമ്പേ വിറ്റുപോയി. കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയോളം ബസ് സർവീസുകളാണ് ബംഗലൂരുവിൽ നിന്ന് കെഎസ്ആർടിസി പ്രഖ്യാപിച്ചത്.31 എണ്ണം.കർണാടക ആർടിസി ഓടിക്കുന്നത് 68 സ്പെഷ്യൽ വണ്ടികൾ.ബസുകളുടെ എണ്ണം കൂടിയിട്ടും ഇവയിലെല്ലാം ടിക്കറ്റ് തീർന്നു.
സ്വകാര്യബസുകളുടെ നല്ല സമയവും വന്നു. തൃശൂരിനും എറണാകുളത്തേക്കും രണ്ടായിരത്തി അഞ്ഞൂറിനും മൂവായിരത്തിനും ഇടയ്ക്കാണ് വിഷുത്തലേന്ന് നിരക്ക്. തിരുവനന്തപുരത്തേക്ക് തുക മൂവായിരമെത്തും. ഒരുമാസത്തെ ശമ്പളത്തോളം വരും ഒരു കുടുംബത്തിന് നാട്ടിലെത്താനുളള ചിലവ്. തെക്കൻ കേരളത്തിലേക്ക് ഇങ്ങനെ കൂടാൻ കാരണവുമുണ്ട്. കെഎസ്ആർടിസിയുടെ സ്പെഷ്യൽ വണ്ടികളിൽ ആകെ എട്ടെണ്ണം മാത്രമാണ്
സ്പെഷ്യൽ ബസുകളിൽ സീറ്റ് തീർന്നതോടെ കോഴിക്കോട്,കണ്ണൂർ എന്നിവിടങ്ങളിലേക്കും സ്വകാര്യബസുകൾ ഈടാക്കുന്ന നിരക്ക് തോന്നുംപടിയാണ്. യാത്രാത്തിരക്ക് മുതലെടുക്കുന്നത് തടയാൻ ടാക്സി നിരക്ക് നിശ്ചയിക്കുന്ന മാതൃകയിൽ നിയന്ത്രണം കൊണ്ടുവരണമെന്ന് ആവശ്യമുയർന്നിട്ട് നാളുകളായി. എന്നാൽ ഈ അവധിക്കാലത്തും നടപടികളില്ലാതായതോടെ സ്വകാര്യബസുകളുടെ കൊളളയ്ക്ക് ഇരയാകാൻ നിർബന്ധിതരാവുകയാണ് മറുനാടൻ മലയാളികൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam