
ദില്ലി: അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പ്രമേയത്തെ പിന്തുണച്ച് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം ഏറെ ശ്രദ്ധ നേടി. പിന്നാലെ എത്തിയ പ്രധാനമന്ത്രിയുടെ പ്രസംഗവും രാഹുല്‍ ഗാന്ധിക്കുള്ള മറുപടി നല്‍കി. എന്നാല്‍ ലോകസഭയുടെ പതിവ് നടപടിക്രമങ്ങളില്‍ നിന്ന് വ്യത്യസ്തമായി രസകരമായ, നാടകീയമായ മുഹൂര്‍ത്തങ്ങളായിരുന്നു ലോകസഭയില്‍ കഴിഞ്ഞ ദിവസം നടന്നത്.
ഒരു നാടകമെന്നപോലെ ആസ്വാദ്യവുമായിരുന്നു രാഹുലിന്‍റെ പ്രകടനം. ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ ആഞ്ഞടിച്ച രാഹുല്‍ ഗാന്ധി തന്‍റെ പ്രകടനങ്ങള്‍ തന്മയത്വത്തോടെ ആടിത്തീര്‍ത്തു. മോദിയെ രൂക്ഷമായി വിമര്‍ശിച്ച പ്രസംഗത്തിന് ശേഷം രാഹുല്‍ ഗാന്ധി മോദിക്കരികിലേക്കെത്തി. പ്രതിപക്ഷാംഗങ്ങള്‍ കയ്യടിയോടെയാണ് രാഹുലിനെ എതിരേറ്റത്.
ആദ്യം മോദിക്കരികിലെത്തിയ രാഹുല്‍ മോദിയോട് എഴുന്നേറ്റ് നില്‍ക്കാന്‍ ആവശ്യപ്പെട്ടു. അതിന്‍റെ ആവശ്യമില്ലെന്ന് അറിയിച്ച മോദിയെ രാഹുല്‍ കെട്ടിപ്പിടിച്ചു. കെട്ടിപ്പിടിയില്‍ അസ്വസ്ഥനായ മോദി എന്താണ് കാണിക്കുന്നതെന്ന തരത്തില്‍ ആംഗ്യം കാണിക്കുന്നത് കാണാമായിരുന്നു. കെട്ടിപ്പിടിച്ച ശേഷം തിരിച്ചുപോകാനൊരുങ്ങിയ രാഹുല്‍ ഗാന്ധിയെ തിരിച്ചുവിളിച്ച് മോദി ചെവിയില്‍ എന്തോ കാര്യം പറഞ്ഞു. തുടര്‍ന്ന് ഇരുവരും ഹസ്തദാനം ചെയ്ത ശേഷം രാഹുല്‍ സീറ്റിലേക്ക് മടങ്ങി. എന്നിട്ടും തീര്‍ന്നില്ല രാഹുലിന്‍റെ പ്രകടനം.
പ്രസംഗത്തിന്‍റെ തുടക്കം മുതല്‍ തന്നെ രാഹുല്‍ മോദിയെ പരിഹസിച്ചു തുടങ്ങിയിരുന്നു. വളരെ ഗൗരവമായി സംസാരിക്കുന്നതിനിടിയില്‍ മോദിയുടെ ചിരി സ്ക്രീനില്‍ കണ്ട രാഹുല്‍ മോദിയെ പരിഹസിച്ചു. ചിരിക്കുകയാണെങ്കിലും മോദിയുടെ കണ്ണുകളിൽ പരിഭ്രമമാണ് കാണുന്നതെന്ന് രാഹുല്‍ പറഞ്ഞു. തന്‍റെ കണ്ണുകളിലേക്ക് മോദി നോക്കുന്നില്ലെന്നും രാഹുല്‍ പരിഹസിച്ചു.
മോദി അസാധാരണമായി ചിരിക്കുന്നതും ഇടയ്ക്ക് ഗൗരവ ഭാവത്തിലേക്ക് തിരിച്ച് പോകുന്നതും വീണ്ടും ചിരിക്കാന്‍ ശ്രമിക്കുന്നതും കാണാമായിരുന്നു. എന്തു തന്നെയായാലും ലോക്സഭയെ ട്രോള്‍ മുറിയാക്കിയാണ് രാഹുല്‍ ഇന്ന് കളം നിറഞ്ഞത്. തിരിച്ച് സീറ്റിലെത്തിയ രാഹുലിനോട് പ്രകടനത്തെ കുറിച്ച് ചോദിച്ച അടുത്ത സീറ്റിലിരുന്ന എംപിക്ക് കണ്ണിറുക്കിയാണ് രാഹുല്‍ മറുപടി പറഞ്ഞത്.
ഈ കണ്ണിറുക്കലാണ് മോദി മറുപടി പ്രസംഗത്തിലും ട്രോളന്മാര്‍ സോഷ്യല്‍ മീഡിയയിലും ആഘോഷമാക്കിയിരിക്കുന്നത്. രാഹുലിന്‍ കണ്ണിറുക്കലാണോ, അല്ലെങ്കില്‍ മാണിക്യമലരായ പ്രിയ വാര്യരുടെ കണ്ണിറുക്കലാണോ മികച്ചതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. മോദിയെ കെട്ടിപ്പിടിച്ച ശേഷം പ്രതിപക്ഷ എംപിമാരെ നോക്കി കണ്ണിറുക്കി കാണിച്ച രാഹുലിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും സോഷ്യല്‍മ മീഡിയയിലുണ്ട്. തമാശയില്‍ നിറഞ്ഞ് വീണ്ടും ട്രെന്‍ഡിങ് ആവുകയാണ് കണ്ണിറുക്കല്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam