
'ഒരു ഇമചിമ്മലില്‍ അപകടം സംഭവിച്ചേക്കും, സുരക്ഷിതമായി, ശ്രദ്ധ തെറ്റാതെ വണ്ടിയോടിക്കുക''..... മലയാളി സുന്ദരി പ്രിയ വാര്യരെ അവഗണിക്കാന്‍ ഗുജറാത്ത് പൊലീസിനുമായില്ല. വഡോദര സിറ്റി പൊലീസിന്റെ സുരക്ഷിത ഡ്രൈവിംഗ് ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായുള്ള പുതിയ കാമ്പെയിനിലും പ്രിയ വാര്യര്‍ കണ്ണിറുക്കുകയാണ്.
ഒരു അഡാറ് ലവിലെ ഗാനരംഗത്തിന് കിട്ടിയ സമാനതകളില്ലാത്ത പ്രശസ്തി പ്രിയയെ ഇന്റര്‍നെറ്റ് സെന്‍സേഷനാക്കിയിരുന്നു. ഗാനരംഗത്തെ കണ്ണിറുക്കല്‍ ഡ്രൈവിംഗ് ബോധവല്‍ക്കരണ പോസ്റ്ററില്‍ രേഖാചിത്രമായി ഇടം പിടിച്ചിരിക്കുന്നു, ഒപ്പം ശ്രദ്ധ തെറ്റാതെ വണ്ടിയോടിക്കണമെന്ന വഡോദര പൊലീസിന്റെ ഉപദേശവും.
വടക്കേ ഇന്ത്യയിലടക്കം പ്രിയ ഇന്ന് തിരിച്ചറിയപ്പെടുന്ന മുഖമാണ്. ഈ ജനപ്രീതി ഉപകാരപ്പെടുത്താനുള്ള പൊലീസിന്റെ പദ്ധതിയാണ് ഇപ്പോള്‍ വിജയം കാണുന്നത്. പ്രിയയുടെ ചിത്രം ഉപയോഗിച്ചുള്ള പോസ്റ്റര്‍ എത്തിയതോടെ പൊലീസിന്റ കാമ്പെയ്ന്‍ ജനശ്രദ്ധ ആകര്‍ഷിച്ചുകഴിഞ്ഞു. ട്വിറ്ററിലും ഫേസ്ബുക്കിലുമെല്ലാം വഡോദര പൊലീസിന്റെ ഡ്രൈവിംഗ് ബോധവല്‍ക്കരണം ചര്‍ച്ചയായി. മലയാളികള്‍ മാത്രമല്ല, ഗുജറാത്തികളും ഹിന്ദിക്കാരുമെല്ലാം കണ്ണിറുക്കല്‍ പോസ്റ്റിന് നല്‍കുന്നത് നല്ല പ്രതികരണമാണ്.
അതാത് കാലത്തെ ജനപ്രിയ താരബിംബങ്ങളെ ബോധവല്‍ക്കരണ പരസ്യങ്ങളില്‍ ഉപയോഗിക്കാന്‍ നേരത്തേ തീരുമാനിച്ചതാണെന്ന് വഡോദര പൊലീസ് കമ്മീഷണര്‍ മനോജ് ശശിധര്‍ വിശദീകരിക്കുന്നു. ബോളിവുഡ് താരങ്ങളുടെ ചിത്രങ്ങളും ജനപ്രിയ സംഭാഷണങ്ങളുമൊക്കെ ഇതിന് മുമ്പും ഉപയോഗിച്ചിട്ടുണ്ട്. അഴിമതി നിയമവിരുദ്ധമാണ് എന്ന് ഞാന്‍ ട്വീറ്റ് ചെയ്താല്‍ എത്രപേര്‍ അത് ശ്രദ്ധിക്കും. എന്നാല്‍ ഒരു ജനപ്രിയ ഡയലോഗ് ഉപയോഗിച്ചുള്ള ഹാഷ് ടാഗ് ഏറെ ഫലം ചെയ്യും. പ്രിയ വാര്യരുടെ ചിത്രം സുരക്ഷിത ഡ്രൈവിംഗ് കാമ്പെയിനില്‍ ഉപയോഗിച്ചത് അതുകൊണ്ടാണ് - മനോജ് ശശിധര്‍ വിശദീകരിക്കുന്നു.
അഴിമതിക്കും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കുമെല്ലാം എതിരായ പ്രചാരണത്തിന് മുംബൈ പൊലീസും ബംഗലൂരു പൊലീസുമെല്ലാം സമാനമായ പ്രചാരണം നടത്തിയിട്ടുണ്ട്. പക്ഷേ അതെല്ലാം ബോളിവുഡ് സൂപ്പര്‍ താരങ്ങളുടേയോ പ്രാദേശിക താരങ്ങളുടെയോ ചിത്രങ്ങള്‍ ഉപയോഗിച്ചായിരുന്നു. എന്നാല്‍ റിലീസ് പോലും കഴിയാത്ത ഒരു മലയാളസിനിമയിലെ പുതുമുഖതാരം ഇത്തരമൊരു കാമ്പെയ്ന്റെ മുഖമാകുന്നത് ഇതാദ്യമായാണ്. മൊബൈല്‍ സന്ദേശങ്ങളായും അച്ചടിമാധ്യമങ്ങളിലൂടെയും പരസ്യ ബോര്‍ഡുകളിലൂടെയുമെല്ലാം പ്രിയയുടെ കണ്ണിറുക്കല്‍ ട്രാഫിക് ബോധവല്‍ക്കരണത്തിന് ഉപയോഗിക്കാനാണ് വഡോദര പൊലീസിന്റെ പദ്ധതി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam