മൈക്രോഫിനാന്‍സ് തട്ടിപ്പ്: വെള്ളാപ്പള്ളിക്കെതിരായ അന്വേഷണം പുരോഗമിക്കുന്നുവെന്ന് മുഖ്യമന്ത്രി

By Web DeskFirst Published May 16, 2017, 12:22 PM IST
Highlights

തിരുവനന്തപുരം: മൈക്രോഫിനാന്‍സ് വായ്പാത്തട്ടിപ്പുമായി ബന്ധപ്പെട്ട് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനടക്കമുള്ളവര്‍ക്കെതിരായ കേസുകളുടെ അന്വേഷണം നടന്നു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. വി.എസ്.അച്യുതാനന്ദന്‍ ഉന്നയിച്ച ഉപക്ഷേപത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇതു പറഞ്ഞത്.

മൈക്രോഫിനാന്‍സ് വായ്പയുടെ മറവില്‍ വ്യാജരേഖ ചമച്ച് പിന്നോക്ക വിഭാഗ കോര്‍പ്പറേഷനില്‍ നിന്നും കോടികള്‍ തട്ടിയെടുത്തതായ ആരോപണത്തെത്തുടര്‍ന്ന് വെള്ളാപ്പള്ളി നടേശന്‍, എം എന്‍ സോമന്‍, കെ കെ മഹേശന്‍, എം നജീബ്, ദിലീപ് കുമാര്‍ എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരവും, ഐ പി സി യിലെ വിവിധ വകുപ്പുകള്‍ പ്രകാരവും 14.07.2016 ല്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രസ്തുത കേസിന്റെ അന്വേഷണം പുരോഗമിച്ചു വരുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
    
ഇതിനു പുറമേ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന വിഭാഗം വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത 27 കേസുകളും, അന്വേഷിച്ച് വരികയാണ്.  അടൂര്‍14, പത്തനംതിട്ട1, തിരുവല്ല1, ചീമേനി1, ചന്തേര1, മണ്ണുത്തി1, റാന്നി1, അടിമാലി1, കായംകുളം3, ചെങ്ങന്നൂര്‍1, പത്തനാപുരം1 എന്നിങ്ങനെ വിവിധ പോലീസ് സ്‌റ്റേഷനുകളിലും സി.ബി.സി.ഐ.ഡി നേരിട്ട് ഒന്നും കേസുകള്‍ അന്വേഷിച്ചു വരുന്നു. കൊല്ലം ക്രൈംബ്രാഞ്ച് ഇ.ഒ.ഡബ്ല്യു വിഭാഗം എസ്.പി യ്ക്കാണ് അന്വേഷണ ചുമതല. ഐ പി സി 420, 409 വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഇത്തരം സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികളാണ് സ്വീകരിച്ചു വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

click me!