സിപിഎം നേതാവ് പ്രൊഫ. എം മുരളീധരൻ അന്തരിച്ചു

By Web TeamFirst Published Aug 2, 2018, 6:48 PM IST
Highlights

കമ്യുണിസ്റ്റ് നേതാവ്, എകെപിസിടിഎ നേതാവ്, സാംസ്കാരിക പ്രവർത്തകൻ തുടങ്ങിയ നിലകളിൽ ദീർഘകാലം തൃശൂരിന്റെ പൊതുമണ്ഡലത്തിൽ നിറഞ്ഞു നിന്നു.

തൃശൂർ: സിപിഎം മുൻ തൃശൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പ്രൊഫ. എം മുരളീധരൻ(71) അന്തരിച്ചു. ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെ തൃശൂർ ദയ ആശുപത്രയിലായിരുന്നു അന്ത്യം. എതാനും കാലമായി അർബുധബാധിതനായി ചികിത്സയിലായിരുന്നു. കമ്യുണിസ്റ്റ് നേതാവ്, എകെപിസിടിഎ നേതാവ്, സാംസ്കാരിക പ്രവർത്തകൻ തുടങ്ങിയ നിലകളിൽ ദീർഘകാലം തൃശൂരിന്റെ പൊതുമണ്ഡലത്തിൽ നിറഞ്ഞു നിന്നു.

തൃശൂർ നഗരവികസന അതോറിറ്റി ചെയർമാൻ, എകെപിസിടിഎ സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ്, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് അംഗം , വിയ്യൂർ സഹകരണ ബാങ്ക് പ്രസിഡന്റ്, ദക്ഷിണ റെയിൽവെ യൂസേഴ്സ് കൺസൽറ്റേറ്റിവ് കമ്മിറ്റി അംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു.

തൃശൂർ സെന്റ് തോമസ് കോളേജിൽ ഇംഗ്ലീഷ് അധ്യാപകനായിരുന്ന മുരളീധരൻ 2002ൽ വകുപ്പു മേധാവിയായാണ് വിരമിച്ചത്. വിയ്യൂർ സെന്റ് ഫ്രാൻസീസ് എൽപി സ്കൂൾ, തൃശൂർ വിവേകോദയം ബോയ്സ് ഹൈസ്കൂൾ, തൃശൂർ സെന്റ് തോമസ് കോളേജ്, തൃശൂർ കേരളവർമ കോളേജ്, എറണാകുളം മഹാജരാജാസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി അധികം വൈകാതെ തൃശൂർ സെന്റ് തോമസിൽ ഇംഗ്ലഷ് അധ്യാപകനായി. 1975ൽ സിപിഎം അംഗമായി. 2005ൽ സിപിഎം ജില്ലാ കമ്മിറ്റി അംഗമായ അദ്ദേഹം 2006 മുതൽ 2010 വരെ തൃശൂർ ഏരിയ സെക്രട്ടറിയായി. 2015ൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി. വിവിധ ട്രേഡ്യൂണിയനുകളുടെ ഭാരവാഹിയായും പ്രവർത്തിച്ചു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗവും ബാലസംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായിരുന്നു.

നഗരവികസന അതോറിറ്റി ചെയർമാനായിരിക്കെ തൃശൂർ നഗരത്തിന്റെ വികസനരംഗത്തും ഏറെ സംഭാവനകൾ ചെയ്തു. അളവറ്റ ശിഷ്യസമ്പത്തിന്റെ ഉടമയായ മുരളിമാഷ് കക്ഷിരാഷ്ട്രീയ ഭേദമന്യെ അതിവിശാലമായ സൗഹൃദങ്ങളും കാത്തുസൂക്ഷിച്ചു. പരേതരായ വിയ്യൂർ മരുതൂർവീട്ടിൽ മാലതി അമ്മയുടെയും കെ രാമമാരാരുടെയും മകനാണ്. ഭാര്യ സരള, മകൻ: ശ്രീശങ്കർ. വെള്ളിയാഴ്ച രാവിലെ 8ന് ചെമ്പൂക്കാവിലുള്ള മേനാച്ചേരി ടവേഴ്സിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് 9 മുതൽ 11 വരെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോട് സ്മാരക മന്ദിരത്തിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറും.

click me!