
സിറിയയിൽ അസദ് ഭരണകൂടത്തിനെതിരെ പോരടിക്കുന്ന പ്രതിപക്ഷസഖ്യമാണ് രാഷ്ട്രീയമാറ്റത്തിനായി ആറ് മാസത്തേക്ക് വെടിനിർത്തൽ ആകാമെന്ന നിർദ്ദേശം മുന്നോട്ട് വച്ചത്. ഇത് പരിഗണിച്ച ഉന്നതതല മധ്യസ്ഥസമിതി വെടിനിർത്തുന്ന ആറ് മാസം പ്രശ്നപരിഹാരത്തിനായി നിരന്തര മധ്യസ്ഥശ്രമങ്ങളാകാം എന്ന് നിർദ്ദേശിച്ചു.
ആറ് മാസത്തിന് ശേഷം അസദ് സ്ഥാനമൊഴിയണം. സർക്കാരിന്‍റേയും പ്രതിപക്ഷത്തിന്‍റേയും പൗരസമൂഹത്തിന്‍റേയും പ്രതിനിധികളടങ്ങിയ ഭരണസംവിധാനത്തിന് പിന്നീട് അധികാരം കൈമാറണം. പിന്നീടുള്ള 18 മാസംകൊണ്ട് ഈ സമിതി സിറിയയെ തെരഞ്ഞെടുപ്പിനായി ഒരുക്കണം എന്നാണ് വിവിധ ലോകരാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരടങ്ങിയ സമിതിയുടെ നിർദ്ദേശം.
ആഭ്യന്തരയുദ്ധത്തിൽ അസദിനെ അനുകൂലിക്കുന്ന റഷ്യയുടേയും വിമതരെ പിന്തുണയ്ക്കുന്ന അമേരിക്കയുടേയും പരിഹാരനിർദ്ദേശം ഇതിൽനിന്ന് വിഭിന്നമാണെങ്കിൽ തള്ളിക്കളയണമെന്നും സമിതി നിർദ്ദേശിക്കുന്നു. ഇതിനോട് അനുകൂലമായോ പ്രതികൂലമായോ സർക്കാരും വിമതസഖ്യവും പ്രതികരിച്ചിട്ടില്ല.
അതേസമയം അലപ്പോയും ജെറാബ്ലുസും അടക്കമുള്ള സിറിയൻ നഗരങ്ങളിലെ പോർമുഖങ്ങളിൽ കനത്ത പോരാട്ടം തുടരുകയാണ്. തുർക്കി സിറിയൻ അതിർത്തിയിൽ ഐഎസിനും കുർദുകൾക്കുമെതിരെ നടത്തുന്ന പോരാട്ടവും തുടരുന്നു.
അഞ്ച് വർഷമായി തുടരുന്ന ആഭ്യന്തരയുദ്ധത്തിൽ സിറിയയിൽ ഇതുവരെ 2,50,000 ലേറെപ്പേർക്ക് ജീവൻ നഷ്ടമായതായാണ് ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക കണക്ക്. 11 ദശലക്ഷം ആളുകളാണ് ഇതുവരെ അഭയാർത്ഥികളായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam