സന്നിധാനത്ത് മാധ്യമപ്രവർത്തകർക്ക് മര്‍ദ്ദനം; ബിജെപി നേതാക്കളുടെ നേതൃത്വത്തില്‍ പ്രതിഷേധം

By Web TeamFirst Published Nov 6, 2018, 9:27 AM IST
Highlights

ശബരിമല സന്നിധാനത്ത് മാധ്യമപ്രവർത്തകർക്ക് നേരെയും തീര്‍ത്ഥാടകരുടെ പ്രതിഷേധം. പൊലീസിന്‍റെ സാന്നിധ്യത്തിലായിരുന്നു മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റമുണ്ടായത്.

സന്നിധാനം :സന്നിധാനത്ത് മാധ്യമപ്രവർത്തകർക്ക് നേരെയും വ്യാപക ആക്രമണമുണ്ടായി. ആയിരത്തിലധികം പൊലീസുകാരുണ്ടായിട്ടും സന്നിധാനത്തെ നിയന്ത്രണം പൂർണമായി പ്രതിഷേധക്കാരുടെ കയ്യിലായി. പതിനെട്ടാം പടിയിൽ കുത്തിയിരുന്നും ഇവർ പ്രതിഷേധിച്ചു.

തൃശൂരിൽ നിന്നെത്തിയ സ്ത്രീയെ തടഞ്ഞ സമയത്താണ് മാധ്യമപ്രവർത്തകർക്ക് നേരെയും ആക്രമണമുണ്ടായത്. പാരപ്പറ്റിൽ കയറിയാണ് ക്യാമറാമാന്മാർ രക്ഷ തേടിയത്. കസേരയെറിഞ്ഞ് താഴെ വീഴ്ത്താനും പ്രതിഷേധക്കാർ ശ്രമിച്ചു.

ഏഷ്യാനെറ്റ് ന്യൂസിന്‍റെയടക്കം മാധ്യമപ്രവർത്തകരെ പല തവണ പ്രതിഷേധക്കാർ വളഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചു. ഈ സമയത്തൊന്നും പ്രശ്നത്തിൽ ഇടപെടാൻ പൊലീസ് തയ്യാറായില്ല. ശബരിമല സന്നിധാനത്തെയും വലിയ നടപ്പന്തലിലെയും പൂർണ നിയന്ത്രണം പ്രതിഷേധക്കാർ കയ്യിലെടുത്തിരുന്നു. 

തീർഥാടകരെ നിയന്ത്രിക്കുന്നതും, സംശയം തോന്നുന്ന സ്ത്രീകളുടെ പ്രായം പരിശോധിക്കുന്നതും അടക്കമുള്ള കാര്യങ്ങൾ പ്രതിഷേധക്കാർ ചെയ്യുന്നുണ്ടായിരുന്നു. ഒരു ഘട്ടത്തിൽ പതിനെട്ടാം പടിയിൽ കുത്തിയിരുന്ന് വരെ പ്രതിഷേധമുണ്ടായി.

click me!