
ദില്ലി: എട്ട് ലൈംഗീക അധിക്ഷേപക്കേസുകളുള്ള ദില്ലി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല പ്രൊഫസര്‍ അതുല്‍ ജോറിക്ക് കോടതി ജാമ്യം കൊടുത്തതിൽ വിദ്യാര്‍ഥികള്‍ക്ക് കടുത്ത പ്രതിഷേധം. പൊലീസിന്‍റെ എതിര്‍പ്പ് തള്ളിയാണ് ദില്ലി മെട്രോ പൊളിറ്റൻ കോടതി ജാമ്യം നല്‍കിയത്.
പ്രൊഫസറും ഡീനുമായ അതുല്‍ ജോറിക്കെതിരെ ലൈംഗിക പീഡനത്തിന് പരാതികള്‍ നല്‍കിയതു മുതല്‍ അസാധാരണമായ കാര്യങ്ങളാണ് നടക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. ജീവശാസ്ത്ര വകുപ്പിലെ എട്ടു പെണ്‍കുട്ടികള്‍ രേഖാമൂലം പരാതി നല്കിയിട്ടും ഒരു പരാതിയില്‍ മാത്രമാണ് വസന്ത് കുഞ്ച് പൊലീസ് കേസെടുത്തത്. പരാതി നല്‍കി 5 ദിവസം കഴിഞ്ഞിട്ടും ഒരു നടപടി പോലും സ്വീകരിച്ചില്ല. പിന്നീട് രണ്ട് ദിവസം മുന്പ് രാത്രിയില്‍ വിദ്യാര്‍ഥികള് പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചതോടെയാണ് അതുല്‍ജോറിയെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. സമരത്തെ തുടര്‍ന്ന് എട്ട് കേസുകളിലും പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് നിര്‍ബന്ധിതമായി. സ്ത്രീത്വത്തെ അപമാനിക്കുക,ഭീഷണിപ്പെടുത്തുക എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രൊഫസര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
തുടര്‍ന്ന് മെട്രൊപൊളിറ്റന്‍ കോടതി ഹാജാരാക്കി. 15 മിനിട്ടനകം കോടതി നടപടികള്‍ പൂര്‍ത്തിയാക്കി ജാമ്യവും അനുവദിച്ചു. ടെലിഫോണ് വിളികളുടെ രേഖകള്‍ ഉള്‍പ്പെടെ തെളിവുകള്‍ ശേഖരിക്കാനും വിശദമായി ചോദ്യം ചെയ്യാനും പ്രതിയെ കസ്റ്റഡിയില്‍വേണമെന്ന് പൊലീസ് വാദിച്ചു. എന്നാല്‍ ഇതിനായി പ്രതിയെ കസ്റ്റഡിയില്‍ വേണമെന്നില്ലെന്നായിരുന്നു കോടതിയുടെ മറുപടി.ജാമ്യത്തില്‍ വിട്ടാല്‍ അതുല്‍ ജോറി വിദ്യാര്‍ഥിനികളെ ഭീഷണിപ്പെടുത്തി തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന പൊലീസിന്‍റെ മുന്നറിയിപ്പും അവഗണിക്കപ്പെട്ടു. ഈ വിഷയം പൊതുസമൂഹത്തില്‍ ഉയര്‍ത്തിക്കൊണ്ടു വരാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam