
തിരുവനന്തപുരം: ശബരിമല വലിയനടപ്പന്തലില്‍ നാമജപപ്രതിഷേധം നടത്തിയ എണ്‍പതിലധികം പേരെ പൊലിസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പലയിടത്തും പ്രതിഷേധം. ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധം നടത്തുകയാണ്. ക്ലിഫ് ഹൗസിന് മുന്നില്‍ പൊലിസിനെ വിന്യസിച്ചിട്ടുണ്ട്. പാറശാല, നേമം, നെയ്യാറ്റിന്‍കര, ആലപ്പുഴ, ആറന്‍മുള പൊലിസ് സ്റ്റേഷനുകള്‍ക്ക് മുന്നിലും പ്രതിഷേധം നടക്കുന്നുണ്ട്. കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും കൊച്ചിയിലും പ്രതിഷേധമുണ്ട്.
രാത്രി 10 മണിക്ക് ശേഷം സന്നിധാനത്ത് ആളുകളെ തങ്ങാന്‍ അനുവദിക്കില്ല എന്നായിരുന്നു പൊലിസിന്‍റെ നിലപാട്. എന്നാല്‍ നടയടച്ചതിനുശേഷവും ആളുകള്‍ പ്രതിഷേധം തുടര്‍ന്നു. ഇതോടെ പ്രതിഷേധം നടത്തിയവരെ പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തും.
ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങള്‍ക്കെതിരെ കുത്തിയിരുന്ന് നാമജപം നടത്തിയായിരുന്നു പ്രതിഷേധങ്ങളുടെ തുടക്കം. എല്ലാവര്‍ക്കും വിരിവയ്ക്കാന്‍ അനുവാദം നല്‍കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. മാളികപ്പുറത്തിന് സമീപത്ത് നിന്നാണ് പ്രതിഷേധം തുടങ്ങിയത്. നെയ്യഭിഷേകത്തിന് നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് വിരിവെക്കാനും മറ്റും പൊലീസ് സൗകര്യമൊരുക്കിയിരുന്നു. ബുക്ക് ചെയ്യാത്തവരില്‍ സംശയം തോന്നുന്നവരെ പൊലീസ് നീക്കം ചെയ്യാന്‍ ശ്രമിച്ചതാണ് പ്രതിഷേധത്തിന് കാരണമെന്നാണ് സൂചന.
പൊലീസ് നീക്കം ചെയ്തവര്‍ അപ്രതീക്ഷിതമായി സംഘടിച്ച് വലിയ നടപ്പന്തലിലെത്തി നാമജപ പ്രതിഷേധം നടത്തുകയായിരുന്നു. സംഘപരിവാര്‍ അയ്യപ്പ കര്‍മ സമിതി നേതാക്കളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. നിരോധനാജ്ഞ നിലനില്‍ക്കുന്ന പ്രദേശമാണെന്നും നടപന്തലിലെ പ്രതിഷേധം നിയമവിരുദ്ധമാണെന്നും പൊലീസ് പ്രതിഷേധക്കാരെ അറിയിച്ചു. അറസ്റ്റ് ചെയ്യേണ്ടിവരുമെന്നും പൊലീസ് പ്രതിഷേധക്കാരോട് വ്യക്തമാക്കി. എന്നാല്‍ വീണ്ടും ഇവര്‍ പ്രതിഷേധിച്ച സാഹചര്യത്തില്‍ പൊലിസ് അറസ്റ്റിലേക്ക് നീങ്ങുകയായിരുന്നു.
പല തവണ ആവശ്യപ്പെട്ടിട്ടും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയില്ല എന്ന് പൊലിസ് വ്യക്തമാക്കിയിട്ടുണ്ട്. പൊലിസ് ആവശ്യപ്പെട്ടിട്ടും പിരിഞ്ഞുപോകാത്തവരെ നിരോധനാജ്ഞ നിലവിലുള്ളതിനാല്‍ അറസ്റ്റ് ചെയ്തുവെന്നാണ് പൊലിസ് വിശദീകരണം. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും പൊലിസ് വ്യക്തമാക്കി. ഹരിവരാസനത്തിന് ശേഷം പിരിയാമെന്ന വാക്ക് പാലിച്ചില്ല. പൊലിസ് തീര്‍ത്ഥാടകര്‍ക്ക് എതിരല്ലെന്നും എസ്‌പി പ്രതീഷ് കുമാര്‍ പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam