
സന്നിധാനം: ശബരിമല വലിയനടപ്പന്തലില്‍ നാമജപപ്രതിഷേധം നടത്തിയ എണ്‍പതിലധികം പേരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി. ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങള്‍ക്കെതിരെ കുത്തിയിരുന്ന് നാമജപം നടത്തിയായിരുന്നു പ്രതിഷേധം. പൊലിസ് ആവശ്യപ്പെട്ടിട്ടും പിരിഞ്ഞുപോകാത്തവരെ നിരോധനാജ്ഞ നിലവിലുള്ളതിനാല്‍ അറസ്റ്റ് ചെയ്തുവെന്നാണ് പൊലിസ് വിശദീകരണം. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും പൊലിസ് വ്യക്തമാക്കി. അറസ്റ്റിലായവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തും.
എല്ലാവര്‍ക്കും വിരിവയ്ക്കാന്‍ അനുവാദം നല്‍കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. മാളികപ്പുറത്തിന് സമീപത്ത് നിന്നാണ് പ്രതിഷേധം തുടങ്ങിയത്. നെയ്യഭിഷേകത്തിന് നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് വിരിവെക്കാനും മറ്റും പൊലീസ് സൗകര്യമൊരുക്കിയിരുന്നു. ബുക്ക് ചെയ്യാത്തവരില്‍ സംശയം തോന്നുന്നവരെ പൊലീസ് നീക്കം ചെയ്യാന്‍ ശ്രമിച്ചതാണ് പ്രതിഷേധത്തിന് കാരണമെന്നാണ് സൂചന. പൊലീസ് നീക്കം ചെയ്തവര്‍ അപ്രതീക്ഷിതമായി സംഘടിച്ച് വലിയ നടപ്പന്തലിലെത്തി നാമജപ പ്രതിഷേധം നടത്തുകയായിരുന്നു. സംഘപരിവാര്‍ അയ്യപ്പ കര്‍മ സമിതി നേതാക്കളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.
നിരോധനാജ്ഞ നിലനില്‍ക്കുന്ന പ്രദേശമാണെന്നും നടപന്തലിലെ പ്രതിഷേധം നിയമവിരുദ്ധമാണെന്നും പൊലീസ് പ്രതിഷേധക്കാരെ അറിയിച്ചു. അറസ്റ്റ് ചെയ്യേണ്ടിവരുമെന്നും പൊലീസ് പ്രതിഷേധക്കാരോട് വ്യക്തമാക്കി. എന്നാല്‍ വീണ്ടും ഇവര്‍ പ്രതിഷേധിച്ച സാഹചര്യത്തില്‍ പൊലിസ് അറസ്റ്റിലേക്ക് നീങ്ങുകയായിരുന്നു. പല തവണ ആവശ്യപ്പെട്ടിട്ടും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയില്ല എന്ന് പൊലിസ് വ്യക്തമാക്കിയിട്ടുണ്ട്. ഹരിവരാസനത്തിന് ശേഷം പിരിയാമെന്ന വാക്ക് പാലിച്ചില്ല. പൊലിസ് തീര്‍ത്ഥാടകര്‍ക്ക് എതിരല്ലെന്നും എസ്‌പി പ്രതീഷ് കുമാര്‍ പ്രതികരിച്ചു.
സന്നിധാനത്ത് വലിയനടപ്പന്തലില്‍ പ്രതിഷേധം നടത്തിയവരെ അറസ്റ്റ് ചെയ്തിന് പിന്നാലെ പൊലിസ് നിലക്കലില്‍ വാഹനങ്ങള്‍ തടഞ്ഞു. കെഎസ്ആര്‍ടിസി ബസുകള്‍ പമ്പയിലേക്ക് കടത്തിവിട്ടില്ല.
Read More:
സന്നിധാനത്ത് അർധരാത്രി നടന്നതെന്ത്? നാടകീയതകളുടെ വിശദമായ റിപ്പോർട്ട്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam