Asianet News MalayalamAsianet News Malayalam

പത്തരയോടെ അപ്രതീക്ഷിത പ്രതിഷേധം; പിരിഞ്ഞു പോകാൻ പല തവണ ആവശ്യപ്പെട്ട് പൊലീസ്; ഒടുവിൽ കൂട്ട അറസ്റ്റ്

രാത്രി പത്തരയോടെയാണ് വലിയ നടപ്പന്തലിൽ ഒരു വലിയ സംഘമാളുകൾ പ്രതിഷേധം തുടങ്ങിയത്. സന്നിധാനത്തെ പൊലീസ് നിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പിരിഞ്ഞുപോകാൻ പല തവണ പൊലീസ് ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധക്കാർ തയ്യാറായില്ല. തുടർന്ന് ഇവരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

the unexpected turn of events in sannidhanam the night drama
Author
Sannidhanam, First Published Nov 19, 2018, 3:40 AM IST

സന്നിധാനം: ഞായറാഴ്ച രാത്രി വൈകി സന്നിധാനത്തുണ്ടായത് നാടകീയ സംഭവങ്ങളാണ്. പത്തരയോടെ പലയിടത്തു നിന്നായി സംഘടിച്ച ഇരുന്നൂറോളം പേർ വലിയ നടപ്പന്തലിൽ കുത്തിയിരുന്ന് നാമജപപ്രതിഷേധം തുടങ്ങി. മാളികപ്പുറം ക്ഷേത്രത്തിനടുത്ത് നിന്നാണ് പ്രതിഷേധത്തിന്‍റെ തുടക്കം. സന്നിധാനത്തെ പൊലീസ് നിയന്ത്രണം പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ള സന്നിധാനവും പരിസരവും കഴിഞ്ഞ രണ്ട് ദിവസം പൊലീസിന്‍റെ പൂർണ നിയന്ത്രണത്തിലായിരുന്നു.

പത്തരയോടെ അപ്രതീക്ഷിത പ്രതിഷേധം; അമ്പരന്ന് പൊലീസ്

മാളികപ്പുറം ക്ഷേത്രത്തിനടുത്ത് രാത്രി നിയന്ത്രണങ്ങൾ പാലിച്ച് നിൽക്കുന്നവർക്ക് വിരി വയ്ക്കാൻ അനുമതിയുണ്ടായിരുന്നു. നെയ്യഭിഷേകത്തിന് ടിക്കറ്റെടുത്തവർക്കും പടിപൂജയ്ക്ക് ബുക്ക് ചെയ്തവർക്കും വൃദ്ധർക്കും ശാരീരിക അവശതകളുള്ളവർക്കും ഇളവുകൾ നൽകുമെന്ന് നേരത്തേ പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ നെയ്യഭിഷേകത്തിന് ടിക്കറ്റെടുക്കാതെ മാളികപ്പുറം ക്ഷേത്രത്തിനടുത്ത് തുടർന്ന ചിലരോട് പൊലീസ് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടു. ഇതിനെതിരെയാണ് പ്രതിഷേധം തുടങ്ങിയത്.

the unexpected turn of events in sannidhanam the night drama

സന്നിധാനത്തെ പ്രതിഷേധം

വലിയ നടപ്പന്തലിലെ നാമജപ്രതിഷേധം പൊലീസ് പ്രതീക്ഷിച്ചിരുന്നില്ല. ആദ്യം അമ്പരന്ന പൊലീസ് പിന്നീട് പല തവണ പ്രതിഷേധക്കാരോട് സംസാരിക്കാൻ ശ്രമിച്ചു. സന്നിധാനത്തിന്‍റെ ക്രമസമാധാനച്ചുമതലയുള്ള എസ്പി പ്രതീഷ് കുമാർ പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടു.

the unexpected turn of events in sannidhanam the night drama

എസ്പി പ്രതീഷ് കുമാർ പ്രതിഷേധക്കാരോട് സംസാരിക്കുന്നു

കൃത്യമായ നേതൃത്വമില്ലാത്ത ആൾക്കൂട്ടമായതിനാൽ ആരോട് സംസാരിയ്ക്കണമെന്ന് ആദ്യം പൊലീസിന് വ്യക്തമായില്ല. തുടർന്ന് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്നത് ആർഎസ്എസ് നേതാവാണെന്ന് വ്യക്തമായി. മൂവാറ്റുപുഴ മുൻ ജില്ലാ കാര്യവാഹകായ ആർ.രാജേഷിനോടും സംഘത്തോടും പൊലീസ് പിരിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടു.

the unexpected turn of events in sannidhanam the night drama

മൂവാറ്റുപുഴ മുൻ ജില്ലാ കാര്യവാഹക് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നു

ആദ്യം പിരിഞ്ഞുപോകാമെന്ന് പ്രതിഷേധക്കാർ; എന്നാൽ പ്രതിഷേധം തുടർന്നു

രാത്രി പതിനൊന്ന് മണിയോടെ ഹരിവരാസനം പാടി നട അടച്ച ശേഷം പിരിഞ്ഞുപോകാമെന്ന് പ്രതിഷേധക്കാർ ആദ്യം സമ്മതിച്ചു. എന്നാൽ നട അടച്ച ശേഷവും പിരിഞ്ഞുപോകാതെ നാമജപപ്രതിഷേധം തുടർന്നു. നിരോധനാജ്ഞ ലംഘിക്കാനാകില്ലെന്ന് പൊലീസ് ആവർത്തിച്ചു. പ്രതിഷേധം തുടർന്നാൽ അറസ്റ്റ് വേണ്ടി വരുമെന്നും എസ്പി അറിയിച്ചു.

the unexpected turn of events in sannidhanam the night drama

അറസ്റ്റ് വേണ്ടി വരുമെന്ന് എസ്പി നേതാക്കളെ അറിയിക്കുന്നു

ഒടുവിൽ കൂട്ട അറസ്റ്റുമായി പൊലീസ്

നേതൃനിരയിലുള്ളവരെ മാത്രം അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസിന്‍റെ തീരുമാനം. എന്നാൽ അറസ്റ്റ് ചെയ്യുകയാണെങ്കിൽ കൂട്ടത്തോടെ വേണമെന്ന് നാമജപപ്രതിഷേധക്കാർ ആവശ്യപ്പെട്ടു. തുടർന്ന് നേതൃനിരയിലുള്ളവരെ അറസ്റ്റ് ചെയ്യുകയാണെന്ന് അറിയിച്ചു. അറസ്റ്റ് തുടങ്ങിയതോടെ പ്രതിഷേധക്കാർ പല ഭാഗത്തേയ്ക്ക് ചിതറി. വഴങ്ങാത്തവരെ പൊലീസ് ബലമായി അറസ്റ്റ് ചെയ്ത് നീക്കി. ഇവരുമായി മലയിറങ്ങിയ പൊലീസ് മരക്കൂട്ടത്തിനടുത്ത് പ്രതിഷേധിച്ച ചിലരെയും കസ്റ്റഡിയിലെടുത്തു. 

the unexpected turn of events in sannidhanam the night drama

എൺപത് പേരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയിരിക്കുന്നത്. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് ബസ്സുകളിലായി കനത്ത സുരക്ഷയോടെ ഇവരെ മണിയാർ എ ആർ ക്യാമ്പിലേയ്ക്ക് കൊണ്ടുപോയി.

the unexpected turn of events in sannidhanam the night drama

സന്നിധാനത്ത് രാത്രി നടന്ന നാടകീയതകളെന്തൊക്കെ? സീനിയർ ന്യൂസ് എഡിറ്റർ ജിമ്മി ജെയിംസിന്‍റെ റിപ്പോർട്ട്

തത്സമയസംപ്രേഷണവുമായി ഏഷ്യാനെറ്റ് ന്യൂസ്- ലൈവ് ടിവി കാണുക

Latest Videos
Follow Us:
Download App:
  • android
  • ios