സ്കൂട്ടറില്‍ നിന്ന് പൊലീസുകാരന്‍ ചവിട്ടി വീഴ്ത്തി; ഗര്‍ഭിണിക്ക് റോഡില്‍ ദാരുണ മരണം

By Web DeskFirst Published Mar 8, 2018, 11:50 AM IST
Highlights

കുറ്റക്കാരനായ പൊലീസുകാരനെ അറസ്റ്റ് ചെയ്യുമെന്ന് എസ്.പി ഉറപ്പ് നല്‍കിയതിനെ തുടർന്നാണ് പ്രതിഷേധങ്ങള്‍ അവസാനിച്ചത്.

ചെന്നൈ: തമിഴ്നാട്ടിലെ ട്രിച്ചിയില്‍ പൊലീസുകാരൻ സ്കൂട്ടറില്‍ ചവിട്ടിവീഴ്ത്തിയതിനെ തുടർന്ന് ഗർഭിണി മരിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ട്രിച്ചി തഞ്ചാവൂർ ദേശീയപാതയിലുണ്ടായ ഉപരോധത്തില്‍ വ്യാപക അക്രമം. കുറ്റക്കാരനായ പൊലീസുകാരനെ അറസ്റ്റ് ചെയ്യുമെന്ന് എസ്.പി ഉറപ്പ് നല്‍കിയതിനെ തുടർന്നാണ് പ്രതിഷേധങ്ങള്‍ അവസാനിച്ചത്.

മൂന്ന് മാസം ഗർഭിണിയായ ഉഷ സ്കൂട്ടറില്‍ ഭർത്താവ് രാജയുടെ കൂടെയായിരുന്നു യാത്ര ചെയ്തിരുന്നത്. ഹെല്‍മറ്റ് ധരിക്കാതിരുന്ന രാജ, പൊലീസ് കൈകാണിച്ചപ്പോള്‍ നിർത്താതെ പോയി. തുടർന്ന് മറ്റൊരു ബൈക്കില്‍ പിന്തുടർന്ന് വന്ന കാമരാജ് എന്ന പൊലീസുകാരൻ ഇവരുടെ സ്കൂട്ടർ ചവിട്ടി വീഴ്ത്തി. വീഴ്ചയില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ ഉഷ ആശുപത്രിയിലെത്തും മുൻപേ മരിച്ചു. ഭർത്താവ് രാജ ചികിത്സയിലാണ്. തുടർന്ന് പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് ജനങ്ങള്‍ ട്രിച്ചി-തഞ്ചാവൂർ പാത ഉപരോധിച്ചു. 

ഉപരോധം പിന്നീട് അക്രമങ്ങളിലേക്ക് വഴിമാറി. പൊലീസിനും വാഹനങ്ങള്‍ക്കും നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞതോടെ പൊലീസ് ലാത്തിവീശി. സംഘർഷത്തില്‍ ബസുകളടക്കം നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. തുടർന്ന് കാമരാജിനെ അറസ്റ്റ് ചെയ്തുവെന്ന് എസ്.പി അറിയിച്ചതോടെയാണ് ഏറെ നേരം നീണ്ടു നിന്ന ഉപരോധം അവസാനിച്ചത്.

click me!