ശബരിമല യുവതീപ്രവേശനം; സംസ്ഥാനത്ത് വ്യാപകപ്രതിഷേധം, അക്രമം

By Web TeamFirst Published Jan 2, 2019, 2:47 PM IST
Highlights

സന്നിധാനത്ത് യുവതികൾ കയറിയതിൽ ശബരിമല കർമ്മ സമിതിയുടെ വ്യാപക പ്രതിഷേധം . കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്തു.
 

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ കയറിയതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. പലയിടത്തും കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്തു. യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്തു. 

ശബരിമലയിൽ യുവതികള്‍ പ്രവേശിച്ചതിൽ പ്രതിഷേധിച്ച് തലസ്ഥാനത്ത് പല സ്ഥലങ്ങളിൽ ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. തിരുവനന്തപുരം കള്ളിക്കാട് റോഡിൽ കിടന്ന പ്രവർ‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നെയ്യാറ്റിൻകര ആലുംമൂട്ടിലും പ്രവർത്തകർ റോഡ് ഉപരോധിച്ചു. സെക്രട്ടറിയേറ്റിന് മുന്നില്‍ ബിജെപി സമരപ്പന്തലിനു മുന്നില്‍ സംഘര്‍ഷാവസ്ഥയുണ്ട്. ഇവിടെ നൂറിലേറെ പ്രതിഷേധക്കാര്‍ തടിച്ചുകൂടുകയും പ്രതിഷേധപ്രകടനം നടത്തുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കൈയ്യേറ്റശ്രങ്ങളും നടന്നു.  

: ആക്രമണത്തിൽ പരിക്കേറ്റ മനോരമ ഫോട്ടോഗ്രാഫർ വിഷ്ണു വി സനൽ

സെക്രട്ടറിയേറ്റ് പരിസരത്തേക്ക് പ്രവേശിച്ച് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ ശരണംവിളിച്ച് പ്രതിഷേധിച്ചു. 

കൊച്ചിയില്‍ ഇടപ്പള്ളിയില്‍ ദേശീയപാതയില്‍ ഗതാഗതം തടഞ്ഞ് പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. ഗുരുവായൂരില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കടകംപള്ളി സുരേന്ദ്രനു നേരെ കരിങ്കൊടി കാട്ടുകയും വാഹനം തടയുകയും ചെയ്തു. പൊലീസ് ഇടപെട്ടാണ് മന്ത്രിയുടെ വാഹനം കടത്തിവിട്ടത്. കണ്ണൂര്‍ ഇരിട്ടിയിൽ ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെയും പ്രതിഷേധം ഉയര്‍ന്നു. പത്തനംതിട്ട തിരുവല്ലയിൽ എംസി റോഡ് ഉപരോധിച്ച കർമ്മസമിതി കടകൾ ബലം പ്രയോഗിച്ച് അടപ്പിച്ചു. പ്രതിഷേധ പ്രകടനം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മല്ലപ്പള്ളിയിലും കടകൾ നിർബന്ധപൂർവ്വം അടപ്പിക്കുകയും വാഹനങ്ങൾ തടയുകയും റോഡ് ബ്ലോക്ക് ചെയ്യുകയും ചെയ്തതോടെ ഹർത്താലിന് സമാനമായ സാഹചര്യമായിരുന്നു പത്തനംതിട്ടയിൽ സൃഷ്ടിച്ചത്.

കൊല്ലം ജില്ലയില്‍ പരവൂര്‍, കൊട്ടാരക്കര, പട്ടാഴി തുടങ്ങിയ മേഖലകളില്‍ ശബരിമല കര്‍മസമിതി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചടയമംഗലത്ത് എംസി റോഡ് പ്രതിഷേധക്കാര്‍ ഉപരോധിച്ചതിനെ തുടര്‍ന്ന് വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. കൊട്ടാരക്കരയില്‍ ബിജെപി പ്രവര്‍ത്തകര്‍ ബലംപ്രയോഗിച്ച് കട അടപ്പിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ വഴിപാട് കൗണ്ടര്‍ ബലംപ്രയോഗിച്ച് അടപ്പിച്ചു. കൊല്ലം നഗരത്തില്‍ പ്രതിഷേധപ്രകടത്തിനിടെ പ്രതിഷേധക്കാര്‍ ബസ് യാത്രക്കാരനെ മര്‍ദ്ദിച്ചു. 

ആലപ്പുഴ, അമ്പലപ്പുഴ, മാവേലിക്കര എന്നിവിടങ്ങളിലും പ്രതിഷേധപ്രകടനങ്ങളും റോഡ് ഉപരോധവും നടന്നു. കടകള്‍ വ്യാപകമായി അടപ്പിക്കുന്നുണ്ട്. മാവേലിക്കരയിൽ ബുദ്ധ ജംങ്ഷനിലെ പളനിയുടെ കട കർമ്മസമിതി പ്രവർത്തകർ അടിച്ച് തകർത്തു . പളനിയുടെ ഭാര്യ സുശീല മകൻ വികലാംഗനായ ജയപ്രകാശ് എന്നിവർക്ക് പരിക്കേറ്റു. ഹരിപ്പാടും  കടകൾ നിർബന്ധമായി അടപ്പിച്ചു. തൃശ്ശൂരില്‍ മാള, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുകയും കടയടപ്പിക്കുകയും ചെയ്തു. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കാസര്‍കോട്-മംഗളൂരു ദേശീയ പാത ഉപരോധിച്ചതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു.

click me!