ചാരക്കേസില്‍ ഇന്റലിജൻസ് ഉദ്യോഗസ്ഥന്റെ പങ്കും അന്വേഷിക്കണം: അഡ്വ. പി.എസ് ശ്രീധരൻ പിള്ള

By Web TeamFirst Published Sep 14, 2018, 6:44 PM IST
Highlights

കേരളാ പോലീസിലെ ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ മാത്രമല്ല കേന്ദ്ര ഇന്റലിജന്‍സിലെ ചില ഉന്നതന്മാര്‍ക്കും ഈ ഗൂഡാലോചനയില്‍ നിര്‍ണ്ണായക പങ്കുണ്ട്. അവരില്‍ പ്രധാനിയാണ് കേന്ദ്ര ഇന്റലിജസിനുവേണ്ടി ഐ.എസ്.ആര്‍.ഒ കേസ് അന്വേഷിച്ച മുന്‍ ഗുജറാത്ത് എ.ഡി.ജി.പി ആര്‍.ബി.ശ്രീകുമാര്‍. 

തിരുവനന്തപുരം: വളരെ വൈകിയാണെങ്കിലും ഐ.എസ്.ആര്‍.ഒ കേസില്‍ നടന്ന ഗൂഡാലോചന പുറത്ത് കൊണ്ടുവന്നിട്ടുള്ള സുപ്രീംകോടതിയുടെ ഇന്നത്തെ നിര്‍ണ്ണായകവിധി ബി.ജെ.പി സ്വാഗതം ചെയ്യുന്നു എന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ള. ഗൂഡാലോചനയില്‍ പങ്കാളികളായിയെന്ന് ആരോപിക്കപ്പെടുന്ന കേരള പോലീസിലെ മൂന്ന് ഉദ്യോഗസ്ഥന്മാരില്‍ മാത്രം അന്വേഷണം ബാക്കി നിറുത്തരുതെന്ന് ബി.ജെ.പി അഭിപ്രായമുണ്ട്. 

ബഹിരാകാശ ശാസ്ത്രരംഗത്ത് ഭാരതം ക്രയോജനിക് സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നതിനെതിരെ അമേരിക്ക ഉള്‍പ്പെടെയുള്ള ചില വന്‍ശക്തികളുടെ ഗൂഡാലോചനയുടെ ഉപോല്‍പ്പന്നമാണ് യാഥാര്‍ത്ഥത്തില്‍ ഐ.എസ്.ആര്‍.ഒ കേസും അനുബന്ധ വിവാദങ്ങളും. കേരളാ പോലീസിലെ ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ മാത്രമല്ല കേന്ദ്ര ഇന്റലിജന്‍സിലെ ചില ഉന്നതന്മാര്‍ക്കും ഈ ഗൂഡാലോചനയില്‍ നിര്‍ണ്ണായക പങ്കുണ്ട്. അവരില്‍ പ്രധാനിയാണ് കേന്ദ്ര ഇന്റലിജസിനുവേണ്ടി ഐ.എസ്.ആര്‍.ഒ കേസ് അന്വേഷിച്ച മുന്‍ ഗുജറാത്ത് എ.ഡി.ജി.പി ആര്‍.ബി.ശ്രീകുമാര്‍. 

ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞനായ നമ്പി നാരായണനെ പ്രതിപ്പട്ടികയില്‍ പെടുത്തിയതും അദ്ദേഹം ചാരപ്രവര്‍ത്തനം നടത്തിയതായും റിപ്പോര്‍ട്ടു ചെയ്തത് ആര്‍.ബി.ശ്രീകുമാറാണ്. മാത്രമല്ല ഫൗസിയ ഹസന്‍, മറിയം, റഷീദ എന്നീ മാലി വനിതകളെ സംസ്‌കാരത്തിന്റെ എല്ലാ സീമകളും ലംഘിച്ചുള്ള ചോദ്യം ചെയ്യലിന് വിധേയമാക്കിയതും ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായ ശ്രീകുമറാണ് നമ്പിനാരായണന്റെയും ഏതാനും ശാസ്ത്രജ്ഞന്മാരുടെയും വ്യക്തിത്വത്തിന് കളങ്കം ചാര്‍ത്തിയതും അവര്‍ പീഡന വിധേയരായതും മാത്രമല്ല ഐ.എസ്.ആര്‍.ഒ കേസിലെ പ്രശ്‌നം. 

രാഷ്ട്രത്തിന്റെ ശാസ്ത്ര സമൂഹത്തെയാകെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുകയും, ഭാരതത്തിന്റെ ബഹിരാകാശ പരിപാടി അന്തരാഷ്ട്ര തലത്തില്‍ ഇകള്‍ത്തി കാട്ടുകയും അതുവഴി ഭാരത ബഹിരാകാശ ശാസ്ത്ര സമൂഹത്തിന്റെ ആകെ ആത്മവീര്യം കെടുത്തിയതാണ് അതിപ്രധാനവും ആശങ്കജനകവുമായ പ്രശ്‌നം. അക്കാരണത്തില്‍ തന്നെ ജുഡിഷ്യറി അന്വേഷണത്തിന്റെ പരിഗണനയിലും പരിശോധനയിലും കാതലായ ഈ പ്രശ്‌നങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയുള്ള ഒരു സമഗ്ര അന്വേഷണമാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. ആരുടെ ഭാഗത്ത് നിന്ന്, എന്ത് ആവിശ്യത്തിന്, എങ്ങനെ കേരള പോലീസിനെയും കേന്ദ്ര അന്വേഷണ എജന്‍സിയെയും, മാധ്യമങ്ങളെയും സര്‍വോപരി പൊതുസമൂഹത്തെയും വളരെ കാലം തെറ്റ്ദരിപ്പിക്കുന്നതില്‍ വിജയിച്ചു ഈ ഗൂഡാലോചന അറിയാന്‍ രാഷ്ട്രത്തിന് അവകാശമുണ്ട്‌
 

click me!